പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിനായി നടത്തിയ സ്വത്ത് കണ്ടുകെട്ടലില്‍ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് വിശദമായ റിപോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജപ്തി നടപടികള്‍ നേരിട്ടവര്‍ക്ക് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാങ്മൂലവും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.
എന്നാല്‍, ചിലയിടങ്ങളില്‍ വീഴ്ച സംഭവിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഐജിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍ സ്വീകരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചില വീഴ്ചകള്‍ സംഭവിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും കണ്ടുകെട്ടി. പേരിലും വിലാസത്തിലുമൊക്കെയുള്ള സാമ്യം മൂലമാണ് പിഴവുണ്ടായത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘടനയുമായി ബന്ധമില്ലാത്തവര്‍ക്കെതിരേ ആരംഭിച്ച നടപടികള്‍ നിര്‍ത്തിവച്ചെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.
അല്‍പസമയം മുമ്പാണ് ആഭ്യന്തര സെക്രട്ടറിയുടെ പേരില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട്് ആരോപണമുയര്‍ന്നര്‍പ്പോള്‍ തന്നെ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്വത്ത് വകകള്‍ ജപ്തി ചെയ്ത ആളുകളുടെ പോപുലര്‍ ഫ്രണ്ട് ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ പുതുക്കിയ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
അതിന്‍പ്രകാരം നിലവില്‍ 209 പേരുടെ സ്വത്തുവകകള്‍ മാത്രമാണ് പോപുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 248 പേരുടെ സ്വത്ത്‌വകകള്‍ കണ്ടുകെട്ടിയെന്നായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ന്നാണ് ഇത്രയും ആളുകളുടെ സ്വത്ത് വകകള്‍ ഒഴിവാക്കി വിശദമായ റിപോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. തെറ്റായി നടപടികള്‍ നേരിട്ട പോപുലര്‍ ഫ്രണ്ട് ബന്ധമില്ലാത്തവരെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പിഴവ് പറ്റി ഉള്‍പ്പെടുത്തിയവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.