ഉന്നാവോയില്‍ ബലാല്‍സംഗ ഇരയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായതെന്ന് പോലിസ് അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു.

Update: 2019-12-05 17:59 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളെയും പോലിസ് അറസ്റ്റുചെയ്തു. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായതെന്ന് പോലിസ് അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുറ്റവാളികള്‍ക്കെതിരേര കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. അതേസമയം, 90 ശതമാനത്തോളം പൊള്ളലേറ്റ 23 കാരി അതീവഗുരുതരാവസ്ഥയിലാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുവതിയെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചു. ഉന്നാവോ ആശുപത്രിയിലും പിന്നീട് ലഖ്‌നോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രണ്ടുപേര്‍ ചേര്‍ന്ന് 23കാരിയെ ബലാല്‍സംഗം ചെയ്തത്.

കേസില്‍ പ്രാദേശിക കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുപോവുന്നതിനിടെയാണ് രാവിലെ ഗ്രാമത്തില്‍വച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയുള്‍പ്പെടുന്ന അഞ്ചംഗസംഘം തീക്കൊളുത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയോട് വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അത്തരം കേസുകളില്‍ ജാമ്യം അനുവദിച്ചവരുടെ വിവരം എന്നിവ അറിയിക്കണമെന്ന് ഡിജിപി ഒ പി സിങ്ങിന് അയച്ച കത്തില്‍ ചെയര്‍പേഴ്‌സന്‍ രേഖാ ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    

Similar News