വേമ്പനാട്ടുകായലില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; 16 പേരെ രക്ഷപ്പെടുത്തി (വീഡിയോ)
കണ്ണൂര്‍ മട്ടന്നൂരില്‍നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തീപ്പിടിച്ചതോടെ കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്.
ആലപ്പുഴ: വേമ്പനാട്ടുകായലില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം കുമരകത്തുനിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടിനാണ് പാതിരാമണല്‍ ഭാഗത്തുവച്ച് തീപ്പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂരില്‍നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തീപ്പിടിച്ചതോടെ കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. മുഹമ്മയില്‍നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എസ് 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപ്പിടിച്ചത് ആദ്യം കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
അതിനിടെ, തീപ്പിടിത്തത്തില്‍നിന്ന് രക്ഷനേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. ഇവരില്‍ ഒരാളുടെ കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. കായലില്‍ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. കരയില്‍നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകിനീങ്ങി. നിലവില്‍ ബോട്ട് മണ്ണില്‍ ഉറച്ചുവെന്നാണ് വിവരം. തീപ്പിടിത്തമുണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകള്‍ ഓടിയടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റ് മൂന്നുപേരെ ചെറുവള്ളങ്ങളിലെത്തിയവര്‍ കരയിലെത്തിച്ചു. ഹൗസ്‌ബോട്ടിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. പാചകവാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.