അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് കുരുക്ക് വീഴും; കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ബോട്ടുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാന്‍ ബയോ ടോയ്‌ലറ്റ് നിര്‍ബന്ധമാക്കുകയും ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തുമുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നവീകരിക്കുന്നതുമാണ്.
തിരുവനന്തപുരം: ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. നിരവധി ഹൗസ് ബോട്ട് ഉടമകള്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നതായി യോഗം വിലയിരുത്തി.
സംസ്ഥാനത്തെ കായലുകളില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ് എന്നിരിക്കെ നിലവില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും ധാരാളമായുണ്ടെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്യും.
ബോട്ടുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാന്‍ ബയോ ടോയ്‌ലറ്റ് നിര്‍ബന്ധമാക്കുകയും ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തുമുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നവീകരിക്കുന്നതുമാണ്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോട്ട് ജെട്ടികളില്‍ പ്രവേശിപ്പിക്കുകയില്ല. അഗ്‌നിബാധക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ കിച്ചന്‍ കാബിനില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതാണ്. അനുവദനീയമായതില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുവാന്‍ അനുവദിക്കുകയില്ല. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം ഫയര്‍ ഫോഴ്‌സ് വിഭാഗം പരിശോധന നടത്തും. ജീവനക്കാര്‍ക്ക് ലൈസന്‍സ് ഉറപ്പ് വരുത്തുകയും യൂണിഫോം നിര്‍ബന്ധമാക്കുകയും ചെയ്യും. കിറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫയര്‍ഫോഴ്‌സ്, തുറമുഖവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് കൊണ്ട് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ട്രെയിനിംഗ് ഏര്‍പ്പെടുത്തും.
അഗ്‌നിബാധയുണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിനായി ഫയര്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കും. രജിസ്‌ട്രേഷന്‍ ഉള്ള നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ബോട്ടുകളുടെ കൂടി സഹായത്തോടെ സുരക്ഷാ പരിശോധന കര്‍ശനമാക്കും. മിന്നല്‍ പരിശോധനകള്‍ കൂടുതലായി നടത്തുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ജിപിഎസ് സിസ്റ്റം എല്ലാ ഹൗസ് ബോട്ടുകളിലും ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ബോട്ടുകളുടെ ക്ലാസിഫിക്കേഷന്‍ സിസ്റ്റം നിര്‍ബന്ധിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അറിയിച്ച മന്ത്രി പരിശോധനകള്‍ ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കാതെ വേണമെന്നും നിര്‍ദ്ദേശം നല്‍കി.
പരിശോധന നടത്തുന്നതിനായി തുറമുഖം, ടൂറിസം, ഫയര്‍ഫോഴ്‌സ്, പോലിസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ്, കെറ്റിഡിസി എംഡി കൃഷ്ണ തേജ ഐഎഎസ്, തുറമുഖവകുപ്പ്, പോലീസ്, ഫയര്‍ ഫോര്‍സ്, ടൂറിസം, ഫുഡ് & സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.