196 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-26 14:24 GMT

അരീക്കോട് : കിഴുപറമ്പ് തേക്കിന്‍ ചുവട്ടില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. ഊര്‍ങ്ങാട്ടീരി പൂവത്തിക്കല്‍ പൂളക്ക ചാലില്‍ അറബി അസീസ്, എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീര്‍ ബാബു എന്നിവരെയാണ് 196 ഗ്രാം എംഡിഎംഎയുമായി അരീക്കോട് പോലിസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. രണ്ട് കാറുകളും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് വില്പനക്കാരനെയും വാങ്ങിക്കാന്‍ വന്നവനെയും പോലീസ് പിടികൂടുന്നത്. ദിവസങ്ങളായി അറബി അസീസിനു പിന്നാലെയായിരുന്നു മലപ്പുറം ഡാന്‍സാഫ് ടീം.

ഇന്ന് എംഡിഎംഐയുമായി എത്തുന്നു എന്ന രഹസ്യ വിവരമറിഞ്ഞ പോലീസ് പ്രദേശത്ത് കാത്തിരിക്കുകയായിരുന്നു. വാഹനത്തില്‍ വരുന്ന അറബി അസീസിനെ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് പിടികൂടിയത്. ഏറനാട് തഹസില്‍ദാര്‍ എം മുകുന്ദന്റെ സാന്നിധ്യത്തിലാണ് ദേഹ പരിശോധന നടത്തിയത്. അസീസ് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് അരീക്കോട് പോലിസ് അറിയിച്ചു.

നാട്ടില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സദാചാര പോലിസ് എന്ന് വിളിച്ച് ഇയാള്‍ കഴിഞ്ഞ ദിവസം പോലിസിന് ഫോണ്‍ ചെയ്തിരുന്നു. ലഹരി വില്‍പ്പന നടത്താന്‍ നാട്ടുകാര്‍ തടസ്സമായതാണ് ഇയാളെ പ്രകോപിതനാക്കിയത്.

Similar News