വായ്പാ തര്‍ക്കം; യുപിയില്‍ യാത്രക്കാരുമായി പോയ ബസ് സ്വകാര്യ ധനകാര്യകമ്പനി തട്ടിയെടുത്തു

ബസ് 'തട്ടിയെടുത്തത്' സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ഉത്തര്‍പ്രദേശ് പോലിസിന്റെ ക്രമസമാധാനപാലനത്തിലെ വീഴ്ചകളെക്കുറിച്ച് രൂക്ഷവിമര്‍ശനങ്ങളുയരുകയും ചെയ്തു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യകമ്പനിയുടെ 'റിക്കവറി ഏജന്റുമാര്‍' ആണെന്ന് വ്യക്തമായത്.

Update: 2020-08-19 11:14 GMT

ലഖ് നോ: യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യബസ് ഒരുസംഘമാളുകള്‍ തട്ടിയെടുത്തത് പരിഭ്രാന്തി പരത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. 34 യാത്രക്കാരുമായി ഗുരുഗ്രാമില്‍നിന്ന് മധ്യപ്രദേശിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് ഡ്രൈവറെയും കണ്ടക്ടറെയും ഇറക്കിവിട്ടശേഷം ഒരുസംഘമാളുകള്‍ കടത്തിക്കൊണ്ടുപോയത്. ബസ് 'തട്ടിയെടുത്തത്' സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ഉത്തര്‍പ്രദേശ് പോലിസിന്റെ ക്രമസമാധാനപാലനത്തിലെ വീഴ്ചകളെക്കുറിച്ച് രൂക്ഷവിമര്‍ശനങ്ങളുയരുകയും ചെയ്തു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വകാര്യ ധനകാര്യകമ്പനിയുടെ 'റിക്കവറി ഏജന്റുമാര്‍' ആണെന്ന് വ്യക്തമായത്.

സ്വകാര്യബസ്സിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു. മധ്യപ്രദേശിലെ ഗുരുഗ്രാമില്‍നിന്ന് പന്നയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സ്വകാര്യബസ് തടഞ്ഞുനിര്‍ത്തിയ ഒരുസംഘമാളുകള്‍ ഡ്രൈവറെയും കണ്ടക്ടറെയും ഇറക്കിവിട്ടശേഷം യാത്ര തുടരുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും പോലിസില്‍ വിവരം അറിയിച്ചതോടെയാണ് ബസ് തട്ടിയെടുത്തത് വാര്‍ത്തയാവുന്നത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ ധനകാര്യകമ്പനിയുടെ ആളുകളാണ് ബസ് തട്ടിയെടുത്തതെന്ന് സൂചന ലഭിച്ചു. ഏറെ സമയം കഴിയും മുമ്പ് യുപിയിലെ ഇറ്റാവ ജില്ലയില്‍ യാത്രക്കാരില്ലാത്ത ബസ് കണ്ടെത്തി. ബസ്സിലുണ്ടായിരുന്ന യാത്രക്കാരനെ കണ്ടെത്തി പോലിസ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ബസ് തട്ടിയെടുത്ത സംഘം ഏതാനും കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരോടെല്ലാം പുറത്തിറങ്ങി മറ്റൊരു ബസ്സില്‍ പോവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് യാത്രക്കാരന്‍ പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് പല ബസ്സുകളിലായി യാത്രക്കാരെല്ലാം ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നുവെന്നും യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു. വായ്പാ തര്‍ക്കത്തെത്തുടര്‍ന്ന് ധനകാര്യ കമ്പനിയിലെ ചിലര്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നതായി ബസ്സുടമയുടെ കുടുംബത്തോട് സംസാരിച്ചപ്പോള്‍ വ്യക്തമായെന്ന് ആഗ്ര പോലിസ് മേധാവി ബബ്‌ളു കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ധനകാര്യസ്ഥാപനത്തിനെതിരേ കേസ് ഫയല്‍ ചെയ്തതായും പോലിസ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ധനകാര്യ കമ്പനി അനധികൃതമായി ബസ് പിടിച്ചെടുത്തതായി യുപി സര്‍ക്കാര്‍ പിന്നീട് പ്രസ്താവനയില്‍ വിശദീകരിച്ചു. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സുരക്ഷിതരാണ്. സ്വകാര്യബസ്സിന്റെ ഉടമ ഇന്നലെ മരണപ്പെട്ടിരുന്നു. ഇതോടെ വായ്പയെടുത്ത പണം ലഭിക്കില്ലെന്ന പരിഭ്രാന്തിയിലാണ് ധനകാര്യകമ്പനി ബസ് പിടിച്ചെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

Tags:    

Similar News