ലഖ്‌നോ: ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. ചടങ്ങിനിടെ വരന്‍ തലകറങ്ങിവീണപ്പോള്‍ വിഗ്ഗും താഴെപ്പോവുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രകോപിതയായ വധു വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോട് വീട്ടുകാരോടും വരന്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. വിഗ്ഗ് താഴെ വീണപ്പോഴാണ് കഷണ്ടിയുള്ള കാര്യം ഇവര്‍ അറിഞ്ഞത്.
വധുവിനെയും വീട്ടുകാരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ പോലിസും സ്ഥലത്തെത്തി. തുടര്‍ന്ന് പഞ്ചായത്ത് യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്‌തെങ്കിവും വധു വിവാഹവുമായി മുന്നോട്ടുപോവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ ഇരുവീട്ടുകാരും ഒത്തുതീര്‍പ്പിലെത്തി. ചടങ്ങുകള്‍ക്കായി 5.66 ലക്ഷം രൂപയാണ് വധുവിന്റെ വീട്ടുകാര്‍ക്ക് ചെലവായത്. ഈ പണം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പുനല്‍കി. വരന്റെ വീട്ടുകാരില്‍ നിന്ന് കല്യാണച്ചെലവ് ഈടാക്കിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
വധുവില്ലാതെ വരനും ബന്ധുക്കളും' കാണ്‍പൂരിലേക്ക് മടങ്ങി. വരന്റെ വീട്ടുകാര്‍ കഷണ്ടിയാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് വധുവിന്റെ അമ്മാവന്‍ പറഞ്ഞു. വരന് കഷണ്ടിയുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അതിനായി വധുവിനെ മാനസികമായി ഒരുക്കാമായിരുന്നു. ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു. സത്യങ്ങള്‍ മറച്ചുവച്ച് ദാമ്പത്യജീവിതം എങ്ങനെ മുന്നോട്ടുപോവാനാണ്- വധുവിന്റെ അമ്മാവന്‍ ചോദിച്ചു. വധു വിവാഹത്തിന് തയ്യാറല്ലെന്നും ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും പരിയാര്‍ പോലിസ് ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജ് രാംജീത് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.