വടകര ബാങ്ക് തട്ടിപ്പ്: മുന്‍ മാനേജര്‍ മധ ജയകുമാര്‍ റിമാന്‍ഡില്‍

Update: 2024-08-20 04:08 GMT

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് സ്വര്‍ണം തട്ടിയ കേസില്‍ മുന്‍ മാനേജര്‍ മധ ജയകുമാറിനെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. 26 കിലോ പണയസ്വര്‍ണവുമായി കടന്ന മധ ജയകുമാര്‍ കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് പിടിയിലായത്. പിന്നീട് കേരള പോലിസ് തെലങ്കാനയിലെത്തി ഇയാളെ തിരികെ കൊണ്ടുവരികയായിരുന്നു.

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ചോദ്യം ചെയ്യലില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വൈകാതെ കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം. മധ ജയകുമാറിന്റെ ഭാര്യക്കും കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.

46 അക്കൗണ്ടുകളില്‍നിന്നാണ് മധ ജയകുമാര്‍ 26 കിലോ സ്വര്‍ണം കവര്‍ന്നത്. മൊത്തം സ്വര്‍ണവും ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റേതാണ്. ബാങ്കുമായി ബന്ധപ്പെട്ട് സോണല്‍ മാനേജരുടെ നേതൃത്വത്തില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി മധ ജയകുമാര്‍ വിഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ബാങ്കില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.






Similar News