തിരഞ്ഞടുപ്പ് കഴിയുവംരെ രാമക്ഷേത്ര പ്രക്ഷോഭം നിര്‍ത്തിവെക്കാന്‍ വിഎച്ച്പി തീരുമാനം

Update: 2019-02-06 03:51 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം നിര്‍ത്തിവെക്കുന്നതായി വിശ്വഹിന്ദു പരിഷത് വര്‍കിങ് പ്രസിഡന്റ് അലോക് കുമാര്‍. ഹൈന്ദവ സന്യാസിമാരുമായി ചര്‍ച്ച ചെയ്ത ശേഷം, കഴിഞ്ഞ ആഴ്ച അലഹബാദില്‍ നടന്ന ധരം സന്‍സദ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടുത്ത നാലു മാസത്തേക്കു താല്‍കാലികമായി നിര്‍ത്തിവെക്കാനാണു തീരുമാനം. രാമക്ഷേത്രത്തെ രാഷ്ട്രീയ പ്രചരണത്തിനു ഉപയോഗിക്കുന്നതും തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തുന്നതും തങ്ങളിഷ്ടപ്പെടുന്നില്ലെന്നും അലോക് കുമാര്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സര്‍കാരിനെ രക്ഷപ്പെടുത്താനാണോ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയതെന്ന ചോദ്യത്തിന് അതും ഒരു കാരണമാണെന്നായിരുന്നു മറുപടി. ബിജെപി അല്ലാതെ മറ്റൊരു പാര്‍ട്ടിയും രാമക്ഷേത്രം നിര്‍മിക്കാന്‍ ധൈര്യം കാണിക്കുമെന്നു കരുതുന്നില്ല. അതിനാല്‍ തന്നെ ഈ സമയത്തു ബിജെപിയെ രാമക്ഷേത്രത്തിന്റെ പേരില്‍ പ്രതിസന്ധിയിലാക്കാന്‍ തങ്ങളുദ്ദേശിക്കുന്നില്ലെന്നും അലോക് കുമാര്‍ പറഞ്ഞു.

Tags:    

Similar News