ഞങ്ങള്‍ ബാബരി തകര്‍ത്തു, അടുത്ത ലക്ഷ്യം കാശിയും മഥുരയും; പ്രകോപനവുമായി കോടതി വെറുതെവിട്ട ജയ് ഭഗവാന്‍ ഗോയല്‍
രാമന്റെ അനുഗ്രഹത്താലാണ് ഞങ്ങളെ കോടതി കുറ്റവിമുക്തരാക്കിയത്. വധശിക്ഷയ്ക്കുപോലും ഞാന്‍ തയ്യാറായിരുന്നു. കാരണം ബാബരി തകര്‍ക്കുക എന്നത് എനിക്ക് അഭിമാനമാണ്.
ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെവിട്ടതിന് പിന്നാലെ പ്രകോപനവുമായി കേസില്‍ പ്രതിയായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍. 1992ല്‍ ബാബരി മസ്ജിദ് പൊളിച്ചത് ഞങ്ങള്‍ തന്നെയാണ്. അതിലൊരാളായിരുന്നു താന്‍. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്നതിനുശേഷം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെല്ലുവിളിയുമായി അദ്ദേഹം രംഗത്തുവന്നത്.
ഞങ്ങളുടെ ലക്ഷ്യം എല്ലായ്പ്പോഴും ബാബരി തകര്‍ക്കുക എന്നതായിരുന്നു. 1990 ലാണ് ഞങ്ങള്‍ ആദ്യം ഇതിന് ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് വെടിയുതിര്‍ക്കുകയായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രതിബദ്ധതകൊണ്ട് 1992 ല്‍ അതില്‍ വിജയിച്ചു. കോടതി വിധി വന്നപ്പോള്‍തന്നെ ജയ് ശ്രീറാം വിളികളുമായി ഗോയല്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. പള്ളി പൊളിച്ചത് ഞങ്ങളാണ്. അത് പൊളിച്ചില്ലായിരുന്നെങ്കില്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. സിബിഐ അപ്പീല്‍ പോവുന്നതില്‍ ആശങ്കയില്ല.
കോടതിയെക്കാള്‍ വലുതല്ല സിബിഐ. രാമന്റെ അനുഗ്രഹത്താലാണ് ഞങ്ങളെ കോടതി കുറ്റവിമുക്തരാക്കിയത്. വധശിക്ഷയ്ക്കുപോലും ഞാന്‍ തയ്യാറായിരുന്നു. കാരണം ബാബരി തകര്‍ക്കുക എന്നത് എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിനാല്‍ ഞങ്ങളുടെ അടുത്ത ജോലി മഥുരയിലെയും കാശിയിലെയും പള്ളികള്‍ പൊളിക്കുകയെന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് ഉത്തരേന്ത്യയില്‍ ശിവസേനയുടെ പ്രമുഖനേതാവായിരുന്നു ജയ് ഭഗവാന്‍ ഗോയല്‍. ശ്രീകൃഷ്ണന്റെ ജന്‍മസ്ഥലത്ത് ക്ഷേത്രം പൊളിച്ച് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയില്‍ മുസ്‌ലിം പള്ളി നിര്‍മിച്ചെന്നാരോപിച്ച് ഹിന്ദുത്വശക്തികള്‍ നേരത്തെ രംഗത്തുവന്നിരുന്നു.