അയോധ്യയ്ക്കു ശേഷം കാശി, മഥുര ക്ഷേത്ര പ്രസ്ഥാനം ശക്തമാക്കും: ബിജെപി എംപി വിനയ് കത്യാര്‍

വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിനു നേരെ കുറച്ചുകാലമായി സംഘപരിവാരവും ഹിന്ദുത്വശക്തികളും അവകാശവാദമുന്നയിച്ച് രംഗത്തെത്തുന്നുണ്ട്

Update: 2020-08-02 09:13 GMT

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയായ ശേഷം ബിജെപി ഹിന്ദു സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് കാശി, മഥുര ക്ഷേത്രങ്ങള്‍ക്കു വേണ്ടി അടുത്ത പ്രസ്ഥാനം ആരംഭിക്കുമെന്ന് ബിജെപി നേതാവും എംപിയുമായ വിനയ് കത്യാര്‍. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് കത്യാറിന്റെ പരാമര്‍ശം. ''അയോധ്യയിലെ ജോലി പൂര്‍ത്തിയായി, രണ്ടെണ്ണം ഇനിയും തുടങ്ങിയിട്ടില്ല. അയോധ്യയെപ്പോലെ കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. രാമക്ഷേത്ര പ്രസ്ഥാനത്തിനു വേണ്ടി കൊല്ലപ്പെട്ട കര്‍സേവകരുടെ ആത്മാവ് ഇനി സമാധാനത്തോടെ വിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം കോടതി തീരുമാനമാണെങ്കിലും ഇന്ന് അതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്രനിര്‍മാണത്തിനുള്ള സമാഹരണം രാമക്ഷേത്ര നിര്‍മാണത്തിനു ശേഷം ശക്തി പ്രാപിക്കുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

    നേരത്തേ, ശ്രീരാമ ക്ഷേത്ര പ്രസ്ഥാനത്തിനു വേണ്ടിയുള്ള കര്‍സേവയ്ക്കിടെയുണ്ടായ വെടിവയ്പില്‍ നിരവധി രാമഭക്തര്‍ കൊല്ലപ്പെട്ടെന്നും അയോധ്യ രക്തത്തില്‍ കുതിര്‍ന്നുവെന്നും കത്യാർ ആരോപി ച്ചിരുന്നു വെടിവയ്ക്കാന്‍ പോലിസുകാർക്ക് ഉത്തര വ്‌ നൽകിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിനെതിരേയും കത്യാര്‍ രംഗത്തെത്തിയിരുന്നു.

    വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിനു നേരെ കുറച്ചുകാലമായി സംഘപരിവാരവും ഹിന്ദുത്വശക്തികളും അവകാശവാദമുന്നയിച്ച് രംഗത്തെത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്രത്തില്‍ നിരവധി തവണ പൊളിച്ച് പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കാശി വിശ്വനാഥ ക്ഷേത്രവുമായി അതിര്‍ത്തി മതില്‍ പങ്കിടുന്ന പള്ളിയാണിത്. 1669ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്ര സ്ഥലത്താണ് ഗ്യാന്‍വാപി പള്ളി നിര്‍മിച്ചതെന്നാണ് ഹിന്ദുത്വരുടെ പ്രചാരണം. അതിനാല്‍ തന്നെ ഗ്യാന്‍വാപ്പി മസ്ജിദിനെ അവിടെ നിന്ന് പൊളിച്ചുമാറ്റി ഭൂമി കൈവശപ്പെടുത്തണമെന്നാണ് ഹിന്ദുത്വരുടെ ആവശ്യം.

    ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെടുന്ന കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനടുത്താണ് മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 1670ല്‍ മുഗള്‍ ചക്രവര്‍ത്തിയാ ഔറംഗസീബ് ക്ഷേത്രം നശിപ്പിച്ച് അതിന്റെ തൂണിലാണ് ഷാഹി ഈദ് ഗാഹ് പള്ളി പണിതതെന്നാണ് ഹിന്ദുത്വരുടെ പ്രചാരണം. ഇത് സംബന്ധിച്ച തർക്കം 1969ൽ ഇരു പക്ഷവും ഒപ്പുവെച്ച കരാറിലൂടെ സമാധാന പരമായി പരിഹരിക്കപ്പെട്ടി രുന്നു. ഇതു വീണ്ടും കുത്തി പൊക്കി രാഷ്ട്രീയ ലാഭം കൊയ്യാനാണ് ഹിന്ദുത്വ ശക്തികളുടെ ശ്രമം. 1997ല്‍ ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടില്‍ വിഎച്ച്പി അതിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് മഥുരയിലെ ഈദ് ഗാഹ് പള്ളിയുടെ നാല് മിനാരങ്ങളില്‍ ബജ്‌റംഗ് ബാലിയുടെ വിഗ്രഹങ്ങള്‍ അലങ്കരിക്കുമെന്ന് വിനയ് കത്യാര്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News