അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ: വിലക്കില്‍ ഭിന്നത; അദ്വാനിയെ വീട്ടിലെത്തി ക്ഷണിച്ച് വിഎച്ച്പി
ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളിലേക്ക് എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും വിലക്കേര്‍പ്പെടുത്തിയതിനെ ചൊല്ലി സംഘപരിവാരത്തില്‍ ഭിന്നത. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഇരുവരോടും വരേണ്ടെന്ന് പറഞ്ഞതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് വിഎച്ച്പി നേതാക്കള്‍ ഇരുവരെയും വീട്ടിലെത്തി ക്ഷണിച്ചത്. വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറാണ് ഇരുവര്‍ക്കും ക്ഷണക്കത്ത് നല്‍കിയത്. 2024 ജനുവരി 22ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന രാമലല്ല പ്രതിഷ്ഠാ ചടങ്ങിലേക്കാണ് ക്ഷണിച്ചത്. ബാബരി മസ്ജിദിനെതിരേ രൂപീകരിച്ച രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളും വിഎച്ച്പി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പറഞ്ഞതായി വിഎച്ച്പി വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ പ്രതികളായിരുന്ന അദ്വാനിയെയും ജോഷിയെയും 2020 സപ്തംബറില്‍ ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതിയാണ് കുറ്റവിമുക്തരാക്കിയത്. 96 വയസ്സും അദ്വാനിയും 89 വയസ്സുള്ള ജോഷിയും ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പരിപാടിയിലേക്ക് വരേണ്ടെന്ന് ചമ്പത് റായ് അറിയിക്കുകയും ഇരുവരും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നതായാണ് ഇന്നലെ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.