രാമക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു

Update: 2024-06-19 15:50 GMT

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷാ സേനയിലെ(എസ്എസ്എഫ്) സൈനികന്‍ അംബേദ്കര്‍ നഗര്‍ സ്വദേശിയായ ശത്രുഘ്‌നന്‍ വിശ്വകര്‍മ(25)യാണ് കൊല്ലപ്പെട്ടത്. സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്. സര്‍വീസ് തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. വെടിയൊച്ച കേട്ട് മറ്റു സുരക്ഷ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ ശത്രുഘ്‌നന്‍ വിശ്വകര്‍മ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കമാന്‍ഡോ അംഗം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു. 2012ല്‍ അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്‍പിഎഫ് ജവാന്‍ എന്‍ രാജ്‌ഗോപാല്‍ കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്‍നിന്നാണ് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News