മുസ്‌ലിംകള്‍ ഗോ മാംസം ഉപേക്ഷിക്കണമെന്ന പരാമര്‍ശം: വിശദീകരണവുമായി സി എം ഇബ്രാഹിം (വീഡിയോ)
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധനനിയമത്തെ പിന്തുണച്ചുള്ള തന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിം രംഗത്ത്. മുസ്‌ലിംകള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ഇബ്രാഹിമിന്റെ പരാമര്‍ശം. ഇതിനെതിരേ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെ തന്റെ പ്രസ്താവന തെറ്റായ രീതിയിലാണ് പ്രചരിക്കുന്നതെന്ന് സി എം ഇബ്രാഹിം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, വിവാദപ്രസ്താവനയില്‍ വിശദീകരണം നല്‍കിയെങ്കിലും പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം വീഡിയോയില്‍ നിഷേധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുസ്‌ലിംകള്‍ ഗോം മാംസം കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന താന്‍ പറഞ്ഞുവെന്ന വാര്‍ത്ത കേട്ടത് ആശ്ചര്യകരമായെന്നും തെറ്റായ വാര്‍ത്ത വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു. ബിജെപി സര്‍ക്കാര്‍ ബില്ല് കൗണ്‍സില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലായിരുന്നു.
എച്ച് ഡി ദേവഗൗഡയുമായി സംസാരിക്കുകയും ജനതാദള്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തതോടെ ബില്‍ ബിജെപി പാസാക്കിയില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണെങ്കില്‍ കോടതിയില്‍ നേരിടുമെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും മുസ്‌ലിം സമൂഹം ഏര്‍പ്പെടരുതെന്നാണ് ഒരു മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ശക്തമായി കരുതുന്നത്.
മുസ്‌ലിം സമൂഹം ഇത് തിരിച്ചറിഞ്ഞ് ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് സി എം ഇഹ്രാഹിമിന്റെ വാദം. ഗോവധം നിരോധിക്കാനുള്ള നിര്‍ദിഷ്ട ബില്ലിനെ കര്‍ണാടക കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മലയാളി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിമിന്റെ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്.