സ്‌കൂളിനു മുന്നില്‍ നിന്ന് അധ്യാപകര്‍ സെല്‍ഫിയെടുത്ത് ദിവസവും എഫ്ബിയിലിടും; യുപിയില്‍ അറ്റന്‍ഡന്‍സിനു പുതിയ രീതി
എല്ലാ ദിവസവും രാവിലെ എട്ടിനു മുമ്പ് ബാക്ക് ഗ്രൗണ്ടില്‍ സ്‌കൂള്‍ കാണത്തക്ക വിധം സെല്‍ഫിയെടുത്ത് ബേസിക് ശിക്ഷാ അധികാരി(ബിഎസ്എ)യുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം
ലക്‌നോ: മഴയും പ്രളയവും കാരണം ഏറെ ബുദ്ധിമുട്ടുന്നതിനാല്‍ അധ്യാപകര്‍ സ്‌കൂളിലെത്തുന്നതിനു വിമുഖത കാട്ടിയതോടെ ഉത്തര്‍പ്രദേശില്‍ പുതിയ അറ്റന്‍ഡന്‍സ് രീതി. എല്ലാദിവസവും സ്‌കൂളിനു മുന്നില്‍ വച്ച് മൊബൈലില്‍ സെല്‍ഫിയെടുത്ത് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകയാണു ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ എട്ടിനു മുമ്പ് ബാക്ക് ഗ്രൗണ്ടില്‍ സ്‌കൂള്‍ കാണത്തക്ക വിധം സെല്‍ഫിയെടുത്ത് ബേസിക് ശിക്ഷാ അധികാരി(ബിഎസ്എ)യുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം. മാത്രമല്ല, പ്രധാനപ്പെട്ട ചില നിബന്ധനകളുമുണ്ട്. ചിരിച്ചുകൊണ്ട് സെല്‍ഫിയെടുക്കരുത്, അല്‍പം ഗൗരവം വേണം. സെല്‍ഫി അറ്റന്‍ഡന്‍സ് മീറ്റര്‍ പ്രകാരം ബാരാബങ്കി ജില്ലയില്‍ മാത്രം 7500 അധ്യാപകരാണ് ഇത്തരത്തില്‍ പങ്കാളിയായത്. അധ്യാപകര്‍ സ്‌കൂളിലെത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 50 ശതമാനം അധ്യാപകരും സ്‌കൂളിലെത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് ഇത്തരമൊരു രീതി പരീക്ഷിച്ചതെന്ന് ചീഫ് ഡവലപ്‌മെന്റ് ഓഫിസര്‍ മേധാ രൂപം പറഞ്ഞു. ബാരാബങ്കിയില്‍ സെല്‍ഫിയെടുത്ത് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പങ്കാളിയാവാത്ത 700ഓളം അധ്യാപകരുടെ ശമ്പളവും കൊടുത്തില്ല. തീരുമാനം നല്ലതാണെന്നാണ് അസി. അധ്യാപികയായ ദീപികാ സിങിന്റെ അഭിപ്രായം. പ്രധാനാധ്യാപകര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണെന്നും അധ്യാപകര്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ ശമ്പളം കണ്ടെത്താനും ശമ്പളം നല്‍കാതിരിക്കാനും എളുപ്പമാണെന്നും ബാരാബങ്കി പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വേദ് പ്രകാശ് ശ്രീവാസ്തവ് പറഞ്ഞു.