പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ ചാടി യുവതി; സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷപ്പെടുത്തി. ഡല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവിടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ഇവരെ രക്ഷപ്പെടുത്തിയത്. യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ഇവരെ ഉടന്‍തന്നെ ജനക്പുരിയിലെ മാതാ ചാനന്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഐഎസ്എഫിന്റെ ദ്രുതപ്രതികരണസംഘം സംഭവം നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 2ല്‍ പതിവ് പരിശോധനകള്‍ നടത്തുകയായിരുന്നു. അതിനിടയിലാണ് ട്രെയിനിന് മുന്നില്‍ യുവതി ചാടിയതും രക്ഷപ്പെടുത്തിയതുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍കുമാര്‍, നബ കിഷോര്‍ നായക്, കുശാല്‍ പഥക് എന്നിവരടങ്ങുന്ന സിഐഎസ്എഫ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്- ഉദ്യോഗസ്ഥന്‍ പറഞ്ഞു.