ഭോപാല്‍: പാമ്പുകടിയേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്കായി ആശുപത്രിയിലും മന്ത്രവാദി ചികില്‍സ. മധ്യപ്രദേശിലെ ദാമോയില്‍ ബതിയാഡ് സ്വദേശിനി ഇമാര്‍ടി ദേവിയെയാണ് കഴിഞ്ഞ ദിവസം പാമ്പു കടിച്ചത്. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്കായി അവിടെയും മന്ത്രവാദി ചികില്‍സ നല്‍കുകയായിരുന്നു ബന്ധുക്കള്‍. ചികില്‍സയുടെ ഭാഗമായി വിവിധ പൂജകളും മറ്റും അരങ്ങേറിയെങ്കിലും അധികൃതര്‍ ഇവയൊന്നും തടഞ്ഞതുമില്ല.
യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് മന്ത്രവാദിയെ ആശുപത്രിയിലെത്തിച്ചതും ചികില്‍സക്കു നിര്‍ദേശിച്ചതും. ഇതിനിടെ യുവതിയെ പുരുഷ വാര്‍ഡിനടുത്തേക്കു മാറ്റിയെന്നും മന്ത്രവാദത്തിന്റെ പേരില്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ടെന്നും പരാതിയുണ്ട്.
അതേസമയം ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും വാദം. എന്നാല്‍ മന്ത്രവാദം നടത്തുന്നതിന്റെയും ആശുപത്രിയിലെ നഴ്‌സ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന്റെയും വീഡിയോ പുറത്തായതോടെ ഈ വാദം പൊളിയുകയായിരുന്നു. സംഭവം വിവാദമായതോടെ വീഡിയോയില്‍ കാണുന്ന നഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.