ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി സര്‍ക്കാര്‍

Update: 2024-12-08 14:12 GMT
ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനുവരിയില്‍ നടക്കുന്ന മഹാകുംഭമേളയുടെയും വരാനിരിക്കുന്ന മറ്റ് സുപ്രധാന പരിപാടികളുടെയും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാറിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേയും കോര്‍പറേഷനിലേയും മറ്റ് അതോറിറ്റികളിലേയും ജീവനക്കാരുടെ സമരങ്ങളാണ് ആറ് മാസത്തേക്ക് നിരോധിച്ചത്. അവശ്യ സേവന പരിപാലന നിയമ (ഇഎസ്എംഎ) പ്രകാരമാണ് ഉത്തരവ്. എന്നാല്‍ നിയമം നടപ്പാക്കുന്നത് വഴി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.

എന്നാല്‍ കുംഭമേളയുടെ ഭാഗമായി പ്രദേശത്ത് എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാനാണ് ഈ തീരുമാനം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. യോഗി സര്‍ക്കാറിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. വ്യക്തികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയാണ് ഈ തീരുമാനം ലംഘിക്കുന്നതെന്ന് എസ്പി എംഎല്‍സി അശുതോഷ് സിന്‍ഹ പറഞ്ഞു.





Tags:    

Similar News