ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ ചുമത്തിയത് യോഗി സര്‍ക്കാര്‍; രണ്ടാമത് കശ്മീരില്‍

361 പേരെയാണ് യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കശ്മീരില്‍ 346പേരെ യുഎപിഎ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. യുപിക്കുശേഷം ഏറ്റവും കൂടുതല്‍ ആളുകളുടെ മേല്‍ യുഎപിഎ ചുമത്തപ്പെട്ടത് കശ്മീരിലാണ്

Update: 2021-12-08 04:03 GMT

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ ഉദാഹരണമായി ഈ കണക്കുകള്‍ ചൂണ്ടികാണിക്കപ്പെടുന്നു. 361 പേരെയാണ് യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരെ യുഎപിഎ ചുമത്തി മഥുര സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി മരണപ്പെട്ട സംഭവം നടന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചതായിരുന്നു മാധ്യപ്രവര്‍ത്തകനടങ്ങുന്ന സംഘം. ഇവരെയാണ് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത്ത്. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും യുഎ പിഎ പ്രയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് യുഎപിഎ കണക്കുകളുടെ ലിസ്റ്റ്.

 ജമ്മു കശ്മീരില്‍ 346പേരെ യുഎപിഎ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. യുപിക്കുശേഷം ഏറ്റവും കൂടുതല്‍ ആളുകളുടെ മേല്‍ യുഎപിഎ ചുമത്തപ്പെട്ടത് കശ്മീരിലാണ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷവും യുഎപിഎ ചുമത്തപ്പെട്ടു. മണിപ്പൂരില്‍ 225ഉം പേരെ 2020ല്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കേരളത്തില്‍ 24 പേരെയും തമിഴ്‌നാട്ടില്‍ 92 പേരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യത്ത് 2019ല്‍ 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതലുള്ള കണക്കെടുത്താല്‍ 7243 പേരെയാണ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയതു. മന്ത്രി രാജ്യസഭയെ അറിയിച്ചു.

Tags:    

Similar News