നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച സംഭവം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്
കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവറിലെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ പ്രതികളുടെ സ്വത്ത് എറണാകുളം റൂറല്‍ പോലീസ് കണ്ട് കെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്.
എഴാം പ്രതി അഭീഷിന്റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെന്റ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള 50,000 ത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുള്‍ ജബ്ബാറിന്റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്‌കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്റെ അറുപത്തയ്യായിരം രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്റെ അറുപത്തിമൂവായിരം രൂപയും, എട്ടാം പ്രതി അനീഷിന്റെ ബൈക്കും, 31,000 രൂപയും, പത്താം പ്രതി സീമയുടെ 35,000 രൂപയുമാണ് പ്രധാനമായി കണ്ട് കെട്ടിയത്.വിവിധ ബാങ്കുകളില്‍ പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയിതിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പത്തു വാഹനങ്ങളാണ് കണ്ട് കെട്ടിയിട്ടുള്ളത്. കല്ലൂര്‍ക്കാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെന്റ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും നേരത്തെ കണ്ട് കെട്ടിയിരുന്നു. കൂടുതല്‍ പ്രതികള്‍ക്കെതിരെ നടപടികള്‍. വിവിധ ഘട്ടങ്ങളിലാണ്. ഒന്നരവര്‍ഷത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ നിന്ന് 800 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ഡി വൈ എസ് പി പി കെ ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് അന്വേഷിച്ച് നടപടികള്‍ സ്വീകരിച്ചത്.