മതംമാറിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്; അപേക്ഷ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും, വിജ്ഞാപനമായി
നിയമ വകുപ്പാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇക്കഴിഞ്ഞ 21ന് പുറത്തിറക്കിയത്.
എച്ച് സുധീര്‍
പത്തനംതിട്ട: ഇസ്‌ലാമിലേക്ക് മതംമാറിയവര്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് ഇനി എളുപ്പമാവും. ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. 1937ല്‍ പാസാക്കിയ മുസ്‌ലിം വ്യക്തിനിയമ(ശരീഅത്ത്) അപേക്ഷ ചട്ടത്തിലെ മൂന്നാം വകുപ്പ് പ്രകാരം മുസ്‌ലിം വ്യക്തിനിയമം തനിക്ക് ബാധകമാവണം എന്നാഗ്രഹിക്കുന്ന ഏതൊരാളും ഇതുസംബന്ധിച്ച(മതം മാറിയവര്‍ക്ക് ഉള്‍പ്പെടെ) സത്യവാങ്മൂലം സ്‌റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നില്‍ നടത്തുന്നതിന് അനുമതി നല്‍കുന്ന വിജ്ഞാപനമാണ് കേരളസര്‍ക്കാര്‍ പുറത്തിറക്കിയത്. നിയമ വകുപ്പാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇക്കഴിഞ്ഞ 21ന് പുറത്തിറക്കിയത്. ഇതുപ്രകാരം താന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം വ്യക്തിനിയമം തന്റെ മേല്‍ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം ഏതൊരാള്‍ക്കും ബന്ധപ്പെട്ട അധികാരിക്ക് നല്‍കാം. വിജ്ഞാപനം അനുസരിച്ച് 100 രൂപ ഫീസടച്ച് നോട്ടറി വക്കീലിനെ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച ഫോം ഒന്ന് പ്രകാരം ബന്ധപ്പെട്ട പ്രദേശത്തെ തഹസില്‍ദാര്‍ക്ക് ഇതിനുവേണ്ട അപേക്ഷ നല്‍കാന്‍ കഴിയും. ഫീസ് ചല്ലാനായോ ട്രഷറി മുഖേനയോ അടയ്ക്കാം. ഫീസടച്ചതിന്റെ രശീതും ഫോം ഒന്നിനൊപ്പം തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം. ഫോം സ്വീകരിച്ച് കഴിഞ്ഞാല്‍ സത്യവാങ്മൂലത്തില്‍ വ്യക്തി നല്‍കിയിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമാണോയെന്ന് തഹസില്‍ദാര്‍ അന്വേഷിക്കും. ഈ അന്വേഷണം അവസാനിപ്പിക്കാനുള്ള പരമാവധി സമയപരിധി ഒരുമാസമാണ്. ഇതിനുപുറമേ അപേക്ഷ നല്‍കുന്നയാള്‍ ബന്ധപ്പെട്ട ജമാഅത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, റവന്യുവകുപ്പില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കാനുള്ള രേഖ, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. തഹസില്‍ദാറിന്റെ അന്വേഷണത്തില്‍ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഫോം 3 പ്രകാരമുള്ള സ്റ്റാമ്പ് പേപ്പറില്‍ അദ്ദേഹം സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിക്ലറേഷന്‍ നല്‍കും. ഇത് നല്‍കുന്നതിനുള്ള പരമാവധി സമയപരിധി 45 ദിവസമാണ്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ അപേക്ഷ നിരസിക്കുകയും അപേക്ഷകന് തിരുത്തലുകള്‍ വരുത്തി ഒരാഴ്ചക്കകം വീണ്ടും അപേക്ഷ നല്‍കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, അനധികൃതമായാണ് അപേക്ഷ നിരസിച്ചതെങ്കില്‍ അപേക്ഷകന് ബന്ധപ്പെട്ട പ്രദേശത്തെ മജിസ്‌ട്രേറ്റിന് ഇതേ അപേക്ഷ തന്നെ വീണ്ടും നല്‍കാം. അപേക്ഷ നിരസിച്ച് ഒരുമാസത്തിനകമാണ് ഇത്തരത്തില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കേണ്ടത്. മജിസ്‌ട്രേറ്റ് അനുകുല വിധി നല്‍കിയാല്‍ തഹസില്‍ദാര്‍ ഇതിനനുസൃതമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നല്‍കണം. മുസ്‌ലിം വ്യക്തി നിയമ(ശരീഅത്ത്) അപേക്ഷ ചട്ടത്തിലെ നാലാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം സംസ്ഥാനം അത്തരമൊരു അധികാരിയെ നിയോഗിക്കാന്‍ നേരത്തെ തന്നെ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ ഇത് കേരളത്തില്‍ നടപ്പാക്കിയിരുന്നില്ല. ഇത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹരജിയില്‍, കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മൂന്ന് മാസത്തിനകം മുസ്‌ലിം പേഴ്‌സനല്‍ ലോ(ശരീഅത്ത്) അപ്ലിക്കേഷന്‍ ആക്റ്റ് പ്രകാരം അധികാരിയെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.