ഇസ്‌ലാം മതത്തിനെതിരേ വിദ്വേഷ പ്രചാരണം: തൃശൂരില്‍ ബിജെപി നേതാവ് അറസ്റ്റില്‍

തൃശൂര്‍: ഇസ്‌ലാം മതത്തെയും മുസ് ലിംകളെയും അപമാനിക്കുന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്. ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് മെയ് 23 മുതല്‍ ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും മകള്‍ ഫാത്തിമ ബീവിയെയും മതപണ്ഡിതരെയും അപമാനിക്കുന്ന വിധത്തില്‍ ഇയാള്‍ വിദ്വേഷപ്രചാരണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കരിക്കാട് സ്വദേശി താഴത്തേതില്‍ വീട്ടില്‍ റാഫി നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ സാമൂഹികമാധ്യമം വഴി പ്രചാരണം നടത്തിയെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.