കൊയിലാണ്ടി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വടകരയില്‍ നടക്കുന്ന വിദ്വേഷപ്രചാരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസും പ്രവര്‍ത്തക കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും ഇഴയടുപ്പവും ഉണ്ടാക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയപാര്‍ട്ടികള്‍ വിദ്വേഷവും പകയും ഉണ്ടാവുന്നതിന് കാരണമാവുന്ന പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. സാമൂഹിക മാധ്യമങ്ങളിലെ നിരുത്തരവാദ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഇടതുപക്ഷ നേതാക്കള്‍ ഇത്തരമൊരു പ്രചാരണം ആരംഭിക്കാന്‍ ഒരു കാരണവശാലും പാടില്ലായിരുന്നു. താല്‍ക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തിയ ഇത്തരം ശ്രമങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ഗുരുതര പ്രശ്‌നങ്ങളിലേക്ക് നാടിനെ എത്തിക്കുകയാണ് ചെയ്യുക. സംഘര്‍ഷങ്ങള്‍ അനവധി ഉണ്ടായ ഒരു പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാണിക്കേണ്ട ജാഗ്രത ഭരണകക്ഷിയായിട്ടും ഇടതുപക്ഷത്തില്‍ നിന്നുണ്ടായില്ല എന്നത് ഗൗരവതരമാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന സംഘപരിവാറിന് മണ്ണൊരുക്കുന്ന ജോലി മതനിരപേക്ഷ പക്ഷത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.