ജനഹിതം 2021:കളമശേരി പിടിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
കളമശേരി,ഏലൂര്‍നഗരസഭകള്‍,ആലങ്ങാട്,കടുങ്ങല്ലൂര്‍,കരുമാല്ലൂര്‍,കുന്നുകര ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കളമശേരി നിയമസഭാ മണ്ഡലം. പി രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നിലവിലെ കളമശേരി എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുള്‍ ഗഫൂറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡി പി ഐക്കു വേണ്ടി വി എം ഫൈസലും എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് ലെ പി എസ് ജയരാജും കളത്തിലുണ്ട്
കൊച്ചി: മധ്യകേരളത്തിലെ യുഡിഎഫിന്റെ കോട്ടയായ എറണാകുളം ജില്ലയിലെ കളമശേരിയില്‍ ഇക്കുറി ആരു വിജയക്കൊടിനാട്ടുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.കളമശേരി,ഏലൂര്‍ നഗരസഭകള്‍,ആലങ്ങാട്,കടുങ്ങല്ലൂര്‍,കരുമാല്ലൂര്‍,കുന്നുകര ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കളമശേരി നിയമസഭാ മണ്ഡലം.മുന്‍ രാജ്യസഭാ എംപിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നിലവിലെ കളമശേരി എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുള്‍ ഗഫൂറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ എസ്ഡി പി ഐക്കു വേണ്ടി വി എം ഫൈസലും കളത്തിലുണ്ട്.ബിഡിജെഎസ് ലെ പി എസ് ജയരാജാണ് എന്‍ഡിഎയ്ക്കു വേണ്ടി മല്‍സരിക്കുന്നത്.
2011 മുതല്‍ യുഡിഎഫില്‍ മുസ് ലിം ലീഗ് മല്‍സരിച്ചുവരുന്ന മണ്ഡലമാണ് കളമശേരി. വി കെ ഇബ്രാഹിംകുഞ്ഞാണ് ഇവിടെ തുടര്‍ച്ചയായി വിജയിച്ചുവരുന്നത്. എന്നാല്‍ സംസ്ഥാനത്ത് എറെ ചര്‍ച്ചയായ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായി മാറിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ ഇബ്രാഹിംകുഞ്ഞിന് ഇക്കുറി ലീഗ് സീറ്റ് നല്‍കിയില്ല.അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ലീഗിലെ എറണാകുളം ജില്ലയിലെ ഒരു വിഭാഗത്തിന് ഇതിനോട് എതിര്‍പ്പായിരുന്നു.ഇബ്രാംഹിംകുഞ്ഞ് മല്‍സരിക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും നിലപാട്. ഈ വിവരം കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന് സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാട് ലീഗ് നേതൃത്വം സ്വീകരിച്ചത്.
തുടര്‍ന്ന് തനിക്ക് പകരം മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഇബ്രാഹിംകുഞ്ഞ് മുന്നോട്ടു വെയ്ക്കുകയും തുടര്‍ന്ന് നേതൃത്വം അംഗീകരിക്കുകയുമായിരുന്നു.അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ ലീഗില്‍ കലാപം പൊട്ടിപുറപ്പെടൂകയും എറണാകുളം ജില്ലാ കമ്മിറ്റിയിയിലെ ഒരു വിഭാഗം സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു.എന്നാല്‍ എതിര്‍പ്പ് അവണിച്ചുകൊണ്ട് അബ്ദുള്‍ ഗഫൂര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിക്കുകയായിരുന്നു.അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും പകരം ടി എ അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥിയുണ്ടാകുമെന്ന ഘട്ടം വരികയും അഹമ്മദ് കബീറീനെ അനൂകൂലിക്കുന്നവര്‍ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു.സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് അഹമ്മദ് കബീറും പറഞ്ഞതോടെ സംഭവം കൈവിട്ടു പോകുമെന്ന ആശങ്കയില്‍ അഹമ്മദ് കബീറിനെ സംസ്ഥാന നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി.അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധിച്ചവരുടെ പ്രതിനിധികളും പാണക്കാട്ടെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തി.പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നും ഉന്നയിച്ച വിഷയങ്ങളില്‍ തിരഞ്ഞെടുപ്പിനു ശേഷം നടപടി സ്വീകരിക്കാമെന്നും നേതൃത്വം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.ലീഗിലെ പടലപ്പിണക്കം മുതലെടുത്ത്
കളമശേരി മണ്ഡലം ഇത്തവണ പിടിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ശക്തനായ പി രാജീവീനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്നും ഹൈബിയോട് മല്‍സരിച്ച് തോറ്റിരുന്നുവെങ്കിലും രാജീവിന്റെ പ്രതിച്ഛായ ഇത്തവണ കളമശേരിയില്‍ ഗുണകരമാകുമെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍.മണ്ഡലത്തിലുടനീളം ശക്തമായ പ്രചരണമാണ് പി രാജീവ് നടത്തുന്നത്.അബ്ദുള്‍ ഗഫൂറിന്റെ പ്രചരണത്തിന് ഇബ്രാഹിംകുഞ്ഞ് തന്നെയാണ് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്.പാര്‍ടി സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ ഇവരുടെ വോട്ടുകള്‍ ചോരാതിരിക്കാനുള്ള തീവ്രശ്രമാണ് നടത്തുന്നത്.
എസ്ഡിപി ഐയും മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയാണ്. ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യവും 2018 ലെ മഹാ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നേതൃത്വം നല്‍കിയ ആര്‍ജി ടീം ജില്ലാ ക്യാപ്റ്റനുമായിരുന്ന പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിയായ വി എം ഫൈസലിനെയാണ് ഇത്തവണ എസ്ഡിപി ഐ കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിലുടനീളം ശക്തമായ പ്രചരണമാണ് ഫൈസല്‍ നടത്തുന്നത്.കൊവിഡ് കാലത്ത് അടക്കം നടത്തിയ ജീവകാര്യണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഫൈസല്‍ നേതൃത്വം നല്‍കിയിരുന്നു.ഇവയെല്ലാം മണ്ഡലത്തില്‍ ഫൈസലിന് തുണയാകുമെന്നാണ് എസ്ഡിപി ഐയുടെ വിലയിരുത്തല്‍.
എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കളമശേരി സീറ്റ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ബിജെപി തന്നെ സീറ്റ് ഏറ്റെടുത്ത് മല്‍സരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.എന്നാല്‍ മുന്നണി ധാരണപ്രകാരം സീറ്റ് ബിഡിജെഎസിന് തന്നെ നല്‍കുകയായിരുന്നു.പി എസ് ജയരാജാണ് എന്‍ഡിഎയ്ക്കു വേണ്ടി മല്‍സരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ എല്‍ഡിഎഫ് ഉയര്‍ത്തിയിരിക്കുന്ന കോ-ലീ-ബി സഖ്യ ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്ന ബിജെപി-സിപിഎം ഡീല്‍ ആരോപണവും കളമശേരിയിലും ഇരു മുന്നണികളും ശക്തമായി പ്രചരണ ആയുധമാക്കിയിട്ടുണ്ട്. അതേ സമയം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്ഡിപി ഐ വോട്ടു തേടുന്നത്.