പെരിന്തല്‍മണ്ണ: ബാങ്ക് ഓഫിസര്‍മാരുടെ സംയുക്ത സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചതായി ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) അറിയിച്ചു. കേന്ദ്ര സാമ്പത്തിക സെക്രട്ടറി ശ്രീ രാജീവ് കുമാറുമായി ബാങ്ക് ഓഫിസേഴ്‌സ് സംഘടനാ ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചയ്ക്കും ശേഷമാണു തീരുമാനം.
ഈമാസം 26, 27 തിയ്യതികളില്‍ പണിമുടക്കാനായിരുന്നു ബാങ്കിങ് രംഗത്തെ നാലു ഓഫിസര്‍ യൂനിയനുകളുടെ സംയുക്ത തീരുമാനം. 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ചും ബാങ്ക് പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 2017 നവംബര്‍ 1ന് കാലാവധി തീര്‍ന്ന ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കുക, ബാങ്ക് ഓഫിസര്‍മാര്‍ക്ക് അണ്‍ കണ്ടീഷനല്‍ മാന്‍ഡേറ്റ് നല്‍കുക, പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഉള്ള തീരുമാനം എന്നീ ആവശ്യങ്ങളില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി ബാങ്ക് ഓഫിസേഴ്‌സ് സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് സമരം മാറ്റി വയ്ക്കുന്നതെന്ന് എഐബിഒസി മലപ്പുറം ജില്ലാ പ്രസിഡന്റ് കെഎസ് രമേഷ്, ജില്ലാ സെക്രട്ടറി എംബി ബിജോയ് എന്നിവര്‍ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു