ഓണ്‍ലൈന്‍ പോക്കുവരവ്; ജനങ്ങളെ വട്ടംകറക്കി രജിസ്‌ട്രേഷന്‍ വകുപ്പും റവന്യൂവകുപ്പും

വസ്തു രജിസ്‌ട്രേഷന്‍ കഴിഞ്ഞ് വില്ലേജ് ഓഫിസില്‍ പോക്കുവരവിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരുമാസത്തിനകം പുതിയ ആധാരമുടമയുടെ പേരില്‍ നികുതി അടക്കാന്‍ സാധിച്ചിരുന്നത് ഇപ്പോള്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഫലം കാണാത്ത സ്ഥിതിയാണുള്ളത്. വസ്തു രജിസ്‌ട്രേഷന് ഒരുങ്ങും മുമ്പേ തണ്ടപ്പേര്‍ അക്കൗണ്ട് അനുവദിച്ച് കിട്ടാന്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തുനില്‍ക്കണം.

Update: 2019-01-17 02:58 GMT

മലപ്പുറം: ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെ പൊതുജനത്തിന് ദുരിതം ഇരട്ടിയായി. വസ്തു രജിസ്‌ട്രേഷന്‍ കഴിഞ്ഞ് വില്ലേജ് ഓഫിസില്‍ പോക്കുവരവിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരുമാസത്തിനകം പുതിയ ആധാരമുടമയുടെ പേരില്‍ നികുതി അടക്കാന്‍ സാധിച്ചിരുന്നത് ഇപ്പോള്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഫലം കാണാത്ത സ്ഥിതിയാണുള്ളത്. വസ്തു രജിസ്‌ട്രേഷന് ഒരുങ്ങും മുമ്പേ തണ്ടപ്പേര്‍ അക്കൗണ്ട് അനുവദിച്ച് കിട്ടാന്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തുനില്‍ക്കണം. ആധാരം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും വില്ലേജില്‍ പോക്കുവരവിനായി ഹാജരാവണം. ഇങ്ങിനെ ഹാജരാവുന്നവരോട് സമയമാവുമ്പോള്‍ വിളിക്കാമെന്നാണ് വില്ലേജില്‍ നിന്നു നല്‍കുന്ന മറുപടിയത്രെ.

മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരം കിട്ടാതാവുമ്പോള്‍ കാര്യമറിയാന്‍ വില്ലേജ് ഓഫിസിലെത്തുമ്പോഴാണ് ഓണ്‍ലൈന്‍ ഡാറ്റയില്‍ തകരാറുണ്ടെന്നും സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ ഹാജരായി പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള പുതിയ നിര്‍ദേശം നല്‍കുന്നത്. ഇതോടെ വീണ്ടും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തുന്ന കക്ഷികള്‍ക്ക് വില്ലേജിലെ സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നമാണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍. സഹികെട്ട് വില്ലേജ് ഓഫിസിലേക്ക് വിളിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കിയാല്‍ ഇരുകൂട്ടരും സോഫ്റ്റ്‌വെയര്‍ തയ്യാറായി നാഷനല്‍ ഇന്‍ഫാര്‍മാറ്റിക് സെന്ററിനെ(എന്‍ഐസി) പഴിചാരി തടിതപ്പുകയാണ്.

നിരവധിയാളുകളാണ് പോക്കുവരവ് നടക്കാത്തത് സംബന്ധിച്ച് പരാതിയുമായി ദിനംപ്രതി വില്ലേജ്, രജിസ്ട്രാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. വില്ലേജ് ഓഫിസിലെ സോഫ്റ്റ്‌വെയര്‍ പരാതി പരിഹരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാന്‍ വില്ലേജ് ഓഫിസര്‍മാര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഭൂമി തങ്ങളുടെ പേരില്‍ നികുതി അടച്ചുകിട്ടാന്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും സാധിക്കാത്തത് ജനത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.


Tags:    

Similar News