നൂറുദിന കര്‍മ്മപരിപാടിയുടെ കാലയളവിനുള്ളില്‍ 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും; മന്ത്രി അഡ്വ. കെ രാജന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ കാലയളവിനുള്ളില്‍ 12,000ല്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍. പട്ടയവിതരണം സുഗമമാക്കുന്നതിനായി പ്രത്യേക ഉത്തരവുകളോ ഔദ്യോഗിക ക്രമീകരണങ്ങളോ ആവശ്യമുണ്ടെങ്കില്‍ അതിറക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂഭവന നിര്‍മാണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ മേധാവികളെ ഉള്‍പ്പെടുത്തി എല്ലാ ബുധനാഴ്ചയും റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ജൂലൈ ഏഴിന് ചേര്‍ന്ന ആദ്യ യോഗത്തിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ്‌ബോര്‍ഡിന്റെ ചെയര്‍മാന്‍മാരുമായും ലാന്‍ഡ് ട്രിബ്യൂണലിന്റെ ചുമതലക്കാരുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലൂടെ പട്ടയവിതരണത്തിന് ഉണ്ടായേക്കാവുന്ന സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സിവില്‍ കേസുകളില്‍ കൂടുതല്‍ ശ്രദ്ധയോടെ നിര്‍വ്വഹണം നടത്താന്‍ ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളിലൂടെ കഴിഞ്ഞു. തണ്ടപ്പേരും ബിടിആറും 100 ദിന പരിപാടിയുടെ കാലയളവിനുള്ളില്‍ 1,666 വില്ലേജുകളിലും ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതിലും നല്ല പുരോഗതിയുണ്ടായി.
എന്‍എച്ച് 66 നായി ഇടപ്പള്ളി കുറ്റിപ്പുറം പാതയിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടി 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകമായ ഉത്തരവ് പുറപ്പെടുവിക്കും. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഇരിങ്ങാലക്കുട, കുന്ദംകുളം ലാന്‍ഡ് ട്രിബ്യൂണലുകള്‍ മുന്‍ഗണന നല്‍കണമെന്ന ഉത്തരവിറക്കാനും യോഗത്തില്‍ തീരുമാനമായി.
റവന്യൂ വകുപ്പിനു കീഴില്‍ റവന്യൂ വിദ്യാഭ്യാസ സംവിധാനങ്ങളെയും പബ്ലിക് റിലേഷനെയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകിരിച്ചിട്ടുണ്ട്. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു കാള്‍ സെന്റര്‍ ആരംഭിക്കുന്നതും ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തു.
പുതുതായി 375 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണ പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തോടു കൂടി ആരംഭിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന 25 വില്ലേജുകളുടെ പൂര്‍ത്തീകരണം ഉടന്‍ ഉണ്ടാകും. സമയബന്ധിതമായ കാലയളവിനുള്ളില്‍ പുതിയ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.
കാലവര്‍ഷത്തില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.