ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ; ഇന്നു മുതല്‍ മഴ കുറയും

മണ്‍സൂണിന്റെ ഇനിയുളള അവസാന ഘട്ടത്തില്‍ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണു പ്രവചനം.

Update: 2019-09-13 01:50 GMT

തിരുവനന്തപുരം: ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്തെ ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ. മണ്‍സൂണിന്റെ ഇനിയുളള അവസാന ഘട്ടത്തില്‍ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണു പ്രവചനം.

ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചത് 189 സെന്റിമീറ്റര്‍ മഴയാണ്. പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പാലക്കാട് ജില്ലയില്‍ കിട്ടിയത് 42 ശതമാനത്തോളം കൂടുതല്‍ മഴ. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334 സെമീ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റീമീറ്ററിലേറെ മഴ പെയ്തു.

ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. 20 ശതമാനം വരെയുളള വ്യതിയാനം സാധാരണതോതിലുളളതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കരുതുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ആഗസ്ത് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്.

മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ ചുരുങ്ങിയ ദിവസങ്ങളില്‍ ഒന്നിച്ചു പെയ്യുന്ന സാഹചര്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ 16 വരെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ മല്‍സ്യ ബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.  

Tags:    

Similar News