തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ഭീഷണി ശക്തമാകുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മുതലുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് സൂചന. ഇന്നലെ രാത്രിയോടെ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ ശക്തമായി തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തിപ്പെടാനാണ് സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുതിനാലും മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്റെയും സ്വാധീനത്താല്‍ കേരളത്തില്‍ ആഗസ്റ്റ് 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം കേരളത്തില്‍ ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ടുള്ളത്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.