സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പഠനവിലക്ക്
അതിനിടെ, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണു കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടയിലായവരുടെ എണ്ണം 11 ആയി. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. അരുണും അമലും ഇന്നലെ രാത്രി കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. ആസിഫ് ഖാനെ വര്‍ക്കലയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ആറു പേര്‍ അറസ്റ്റിലായിരുന്നു.
കല്‍പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലിസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ എസ്എഫ്‌ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെഎസ്യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.