വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ജയപ്രകാശ്. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.
പഠനത്തിലും കലാപരിപാടികളിലും മിടുക്കനായ സിദ്ധാർത്ഥൻറെ മരണത്തിൻറെ ഞെട്ടലിലാണ് നെടുമങ്ങാടുള്ള വീട്ടുകാർ. നാട്ടുകാർക്കും ബന്ധുക്കൾക്കും അച്ഛനെയും അമ്മയെയും ആശ്വസിപ്പാക്കാനാകുന്നില്ല. വലൻറൈൻസ് ദിനത്തിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിൻറെ പേരിൽ സീനിയർ വിദ്യാർത്ഥികളായ എസ്എഫ്ഐ നേതാക്കൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹപാഠികൾ തന്നെ അറിയിച്ചതെന്ന് അച്ഛൻ പറഞ്ഞു.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണിൽ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണത്തിൽ വൈത്തിരി പോലിസ് 12 പേർക്കെതിരെയാണ് കേസെടുത്തത്. റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർത്ഥന്‍റെ മാതാപിതാക്കളുടെ ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണ്ണർക്കും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.