സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍
14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോക സിനിമ, റെട്രോസ്‌പെക്ടീവ് തുടങ്ങിയ 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.
തിരുവനന്തപുരം: മനുഷ്യാവസ്ഥയുടെ സമകാലിക വര്‍ണകാഴ്ചകളുമായി കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 6 ന് തിരശ്ശീല ഉയരും. 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോക സിനിമ, റെട്രോസ്‌പെക്ടീവ് തുടങ്ങിയ 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.
പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള മാധ്യമമാക്കി സിനിമയെ സമീപിച്ച അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസാണ് ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. സൊളാനസിന്റെ അവര്‍ ഓഫ് ദ ഫെര്‍ണസ്, സൗത്ത്, ദി ജേണി തുടങ്ങിയ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആജീവനാന്ത നേട്ടത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരവും (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്) സൊളാനസിനാണ്.
ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ആര്‍ കെ കൃഷ്ണാന്ദിന്റെ വൃത്താകൃതിയിലൊരു ചതുരം എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അലന്‍ ഡെബേര്‍ട്ടിന്റെ പാരസൈറ്റ്, ബോറിസ് ലാച്കിന്റെ കമീല്‍ തുടങ്ങിയ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ ജീവിതം പ്രമേയമാക്കിയ സമീര്‍ വിദ്വാന്റെ ആനന്ദി ഗോപാല്‍, പ്രദീപ് കുര്‍ബയുടെ മാര്‍ക്കറ്റ്, സീമാ പഹ്വയുടെ ദി ഫ്യുണറല്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലേഡോസ്‌കോപ്പില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, ബോംബെ റോസ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കണ്‍ട്രി ഫോക്കസില്‍ നാല് ചൈനീസ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സെ ഫൈയുടെയും വാങ് കുനാനിന്റെയും രണ്ട് ചിത്രങ്ങള്‍ വീതമാണ് ഈ വിഭാഗത്തിലുള്ളത്. സ്വീഡിഷ് സംവിധായകന്‍ റോയ് ആന്‍ഡേഴ്‌സന്റേയും ഫ്രഞ്ച് സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെയും ചിത്രങ്ങളാണ് സമകാലിക ചലച്ചിത്ര ആചാര്യന്മാരുടെ വിഭാഗത്തില്‍ ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കന്നട സംവിധായകന്‍ ഗിരീഷ് കര്‍ണാട്, ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍, ബംഗാളി സംവിധായകന്‍ മൃണാള്‍ സെന്‍, നടി മിസ് കുമാരി, ടി കെ പരീക്കുട്ടി എന്നിവര്‍ക്ക് മേള ആദരവ് അര്‍പ്പിക്കും.