അടിസ്ഥാന സൗകര്യവികസനത്തിന് 56,000 കോടി രൂപയുടെ പദ്ധതികള്‍: മുഖ്യമന്ത്രി

. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Update: 2020-10-01 09:56 GMT

കോഴിക്കോട്: സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി 56,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് മഹാമാരിയുടെ കാലത്തും നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും അമാന്തവുമുണ്ടാവാന്‍ പാടില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ട്. ഉപ്പുവെള്ളം കയറി നിരവധി കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന അവസ്ഥയാണ് ഗുളികപ്പുഴ മേഖലയില്‍ നിലവിലുള്ളത്.

കിഫ്ബിയുടെ സാമ്പത്തികസഹായത്തോടെ കെഐഐഡിസിയുടെ സാങ്കേതിക മേല്‍നോട്ടത്തില്‍ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് യഥാര്‍ഥ്യമാവുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവും. 1,720 ഹെക്ടര്‍ പ്രദേശത്താണ് ജലസേചനസൗകര്യം ലഭ്യമാവുക. 18 മാസംകൊണ്ട് പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയാക്കും. 68.36 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂരങ്കോട്, ഗുളികപ്പുഴ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് സ്റ്റേഷനുകളില്‍ കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത് .ഇതോടെ പ്രദേശത്തെ ഭൂഗര്‍ഭ ജലലഭ്യത വര്‍ധിക്കും.

പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോടൊപ്പം അപ്രോച്ച് റോഡ് നിര്‍മാണവും നടത്തും. ഇതോടെ പ്രദേശത്തിന്റെയാകെ വികസനമാണ് സാധ്യമാവുക. 20,000 കോടി രൂപ മുതല്‍ മുടക്കിയുള്ള പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത്. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ജലവിഭവ വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ 400 കോടി രൂപയുടെ പ്രവൃത്തികള്‍ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ട്. 44 പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയായി. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തികള്‍ പുരോഗിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം.

രോഗവ്യാപനത്തോത് കൂടിയിരിക്കുകയാണ്. അതിനാല്‍, നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകര മുനിസിപ്പാലിറ്റിയിലും സമീപപഞ്ചായത്തുകളായ വേളം, ചെറുവണ്ണൂര്‍ പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതും ചെറുവണ്ണൂര്‍ പഞ്ചായത്തിനെയും വേളം, തിരുവള്ളൂര്‍ പഞ്ചായത്തുകളേയും പാലംവഴി ബന്ധിപ്പിക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ജലവിഭവ വകുപ്പിന്റെ സ്പെഷ്യല്‍ പര്‍പസ് വെഹിക്കിളായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേനയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ജലജീവന്‍ മുഖേന 4,050 കോടി രൂപയുടെ വികസനപ്രവൃത്തികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ കൂടി ഉപകാരപ്രദമാവുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയുമാണ് ലക്ഷ്യം. നാലരവര്‍ഷംകൊണ്ട് 20 വര്‍ഷത്തെ വികസനപദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ദീഘകാലപ്രതീക്ഷയാണ് പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാവാന്‍ പോവുന്നതെന്ന് തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണ് ജലജീവന്‍. കാര്‍ഷികമേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞു. വികസന കാര്യത്തിലും പദ്ധതി പൂര്‍ത്തീകരിക്കുന്ന കാര്യത്തിലും രാഷ്ട്രീയത്തിനതീതമായ ഒത്തൊരുമയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ശിലാഫലകം അനാച്ഛാദനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കെഐഐഡിസി ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി റിപോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, സി കെ നാണു എന്നിവര്‍ മുഖ്യാതിഥികളായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു ,തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മോഹനന്‍, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കുഞ്ഞമ്മദ് മാസ്റ്റര്‍, കൊയിലോത്ത് ഗംഗാധരന്‍ മാസ്റ്റര്‍, എന്‍ കെ വത്സന്‍, പി കെ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം കെ സുരേന്ദ്രന്‍ മാസ്റ്റര്‍, ഒ മമ്മു, കെ കെ രജീഷ്, എം എം മൊഹിയുദ്ദീന്‍ പങ്കെടുത്തു.

Tags:    

Similar News