അഞ്ചാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ്കുമാർ- ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ അഞ്ചാം ക്ലാസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ്കുമാർ- ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീബ തൊഴിലുറപ്പ് പണിക്കും രാജ്കുമാർ നിർമ്മാണ ജോലിക്കും പോയിരിക്കുകയായിരുന്നു. സംഭവസമയം ഷിബിൻ രാജിന്‍റെ ഇളയ സഹോദരങ്ങളായ അഭിൻ രാജ്, അഭിതാരാജ് എന്നിവർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിനിന്ന ഷിബിൻ രാജിന്‍റെ കഴുത്തിലെ കയർ അഭിൻ രാജാണ് അറുത്തു മാറ്റിയത്. ജോലി കഴിഞ്ഞെത്തിയ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ മരണം സ്ഥിരീകരിച്ചു. കളിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടൻ മുറിയിൽ കയറി കതകടക്കുകയായിരുന്നു എന്നാണ് അഭിൻ രാജ് പോലിസിനോട് പറഞ്ഞത്.