80:20 സ്‌കോളര്‍ഷിപ്പ് വിധി- പരിഹാരനിര്‍ദേശങ്ങള്‍: മെക്ക ഗൂഗിള്‍ മീറ്റ് നാളെ

രാത്രി 7.30 മുതല്‍ 10 മണി വരെ രണ്ടര മണിക്കൂര്‍ സമയമാണ് ഗൂഗിള്‍ മീറ്റിനായി നിശ്ചയിച്ചിരിക്കുന്നത്. ഒരു സംഘടനയില്‍പ്പെട്ട പരമാവധി രണ്ടുപേര്‍ക്ക് മാത്രം പങ്കെടുക്കാം. വിഷയത്തില്‍ വിദഗ്ധരെ സംഘടനകള്‍ക്ക് നിശ്ചയിച്ച് അറിയിക്കാം. സംഘടനയ്ക്കുപരി വിഷയം സംബന്ധിച്ച ചര്‍ച്ചയ്ക്ക് വിദഗ്ധവ്യക്തിത്വങ്ങളെ പ്രത്യേകം പരിഗണന നല്‍കി ഉള്‍പ്പെടുത്താം.

Update: 2021-06-18 09:09 GMT

കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദുചെയ്ത കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്ത പ്രശ്‌നത്തിന് ശാശ്വതപരിഹാര നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി '80:20 കോടതി വിധി: ശാശ്വതപരിഹാരമെന്ത് ?' എന്ന തലക്കെട്ടില്‍ മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറര്‍ അസോസിയേഷന്‍ (മെക്ക) നാളെ ഗൂഗിള്‍ മീറ്റ് സംഘടിപ്പിക്കുന്നു. രാത്രി 7.30 മുതല്‍ 10 മണി വരെ രണ്ടര മണിക്കൂര്‍ സമയമാണ് ഗൂഗിള്‍ മീറ്റിനായി നിശ്ചയിച്ചിരിക്കുന്നത്.

വിധിയുടെ ഗുണപരമായ വശം പ്രയോജനപ്പെടുത്തി മുസ്‌ലിം ന്യൂനപക്ഷത്തിനര്‍ഹമായ സ്‌കോളര്‍ഷിപ്പും ഇതര ക്ഷേമ പദ്ധതികളും ജനസംഖ്യാനുപാതികമായി ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നിശ്ചയിച്ച നാലംഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി തല വിദഗ്ധസമിതി മുമ്പാകെ മുസ്‌ലിം കേരളത്തിന്റെ പരിഹാരനിര്‍ദേശങ്ങള്‍ ഏകീകൃത രൂപത്തില്‍ സമര്‍പ്പിക്കുകയെന്നതാണ് ഓണ്‍ലൈന്‍ യോഗത്തിന്റെ മുഖ്യ അജണ്ട. ഒരു സംഘടനയില്‍പ്പെട്ട പരമാവധി രണ്ടുപേര്‍ക്ക് മാത്രം പങ്കെടുക്കാം. വിഷയത്തില്‍ വിദഗ്ധരെ സംഘടനകള്‍ക്ക് നിശ്ചയിച്ച് അറിയിക്കാം. സംഘടനയ്ക്കുപരി വിഷയം സംബന്ധിച്ച ചര്‍ച്ചയ്ക്ക് വിദഗ്ധവ്യക്തിത്വങ്ങളെ പ്രത്യേകം പരിഗണന നല്‍കി ഉള്‍പ്പെടുത്താം.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്‍മന്ത്രിമാര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതും അവരുടെ പ്രിവിലേജ് മാനിച്ചുമായിരിക്കും ചര്‍ച്ചയില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നത്. ഗൂഗിള്‍ മീറ്റില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടെ സംശയനിവാരണത്തിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പ്രധാനപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ക്കുശേഷം സമയലഭ്യതയനുസരിച്ച് പരിഗണിക്കും. താല്‍പര്യം അറിയിച്ചവര്‍ക്കും പ്രത്യേക ക്ഷണിതാക്കളായ വിദഗ്ധര്‍ക്കും മാത്രം ലിങ്ക് അയക്കും. പ്രസംഗങ്ങളും വിശദീകരണങ്ങളും ഒഴിവാക്കി കോടതി വിധിയുടെ പൊരുള്‍ ഉള്‍ക്കൊണ്ടും ഗുണപരമായ വശങ്ങള്‍ പ്രയോജനപ്പെടുത്തുംവിധം പരിഹാരനിര്‍ദേശങ്ങള്‍ മാത്രമാണ് വിദഗ്ധരില്‍നിന്ന്് പ്രതീക്ഷിക്കുന്നതെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ്, ജനറല്‍ സെക്രട്ടറി എന്‍ കെ അലി എന്നിവര്‍ വ്യക്തമാക്കി.

Tags:    

Similar News