എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

Update: 2024-11-05 09:03 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് തീരുമാനം.

ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയര്‍ത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുന്‍കൂര്‍ ജാമ്യം തള്ളിയ വിധിയില്‍ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പോലിസില്‍ കീഴടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രതിഭാഗം ഓരോ കാര്യങ്ങളും പ്രത്യേകം പരാമര്‍ശിച്ച് ക്രിമിനല്‍ കുറ്റമല്ലെന്ന് വാദിക്കുകയാണ് എന്നതായിരുന്നു കുടുംബത്തിന്റെ വാദം. കളക്ടര്‍ കുടുംബത്തിന് അയച്ച കത്ത് വായിച്ച ശേഷം, കളക്ടര്‍ സൗഹാര്‍ദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥനല്ലെന്നും അവധി പോലും നല്‍കാറില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ ആരംഭിച്ച എസ്‌ഐടി ഇതുവരെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ലെന്നും അതില്‍ ഇടപെടല്‍ സംശയിക്കുന്നുവേണും കുടുംബം ആരോപിച്ചു.

നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്.

Tags:    

Similar News