എ സഈദ് അനുസ്മരണം നടത്തി
എ. സഈദ് എന്ന കര്‍മ്മയോഗി ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുകയാണ്.
മലപ്പുറം: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അനുസ്മരണ സമ്മേളനം മഞ്ചേരി സഭാ ഹാളില്‍ സംഘടിപ്പിച്ചു. നമ്മുടെ നാട് നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുകയും അതിനുള്ള പരിഹാരമാര്‍ഗ്ഗം സാമൂഹിക ജനാധിപത്യമാണെന്ന് നിര്‍ദേശിക്കുകയും പ്രത്യയ ശാസ്ത്ര അടിത്തറ നല്‍കുകയും ചെയ്ത ബഹുമുഖ പ്രതിഭയായ പോരാളിയായിരുന്നു എ. സഈദ് സാഹിബ് എന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് പറഞ്ഞു. സമ്മേളനത്തില്‍ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.
പീഡിത സമൂഹങ്ങളോട് നിരന്തരം സംവദിച്ചും അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിയുള്ള പരിശ്രമങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചും പോരാട്ടവീഥിയില്‍ നിറഞ്ഞു നിന്നിരുന്ന എ. സഈദ് എന്ന കര്‍മ്മയോഗി ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുകയാണ്.
അദ്ദേഹം വിടപറഞ്ഞ ശേഷമുളള കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നാടിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുകയാണ് ചെയ്തത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി വ്യാഖ്യാനിക്കുന്നു. ധര്‍മ്മ സന്‍സദ് എന്ന പേരില്‍ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുസ്ലിംകളെ വംശഹത്യ ചെയ്യാന്‍ പരസ്യമായ ആഹ്വാനങ്ങള്‍ നടന്നു. 2024ല്‍ വീണ്ടും അധികാരത്തിലെത്തുന്നതോടെ ഭരണഘടന റദ്ദ് ചെയ്യുമെന്നും ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്നും ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നും ബി ജെ പി ആവര്‍ത്തിക്കുന്നു.
ഈ കാലഘട്ടത്തെ എങ്ങനെ നേരിടണമെന്ന് സഈദ് സാഹിബ് നേരത്തെ പറഞ്ഞുവെച്ചു. അക്രമങ്ങളോടും അനീതിയോടും രാജിയായി, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മൗനം പാലിക്കുകയോ അവരോട് പക്ഷം ചേരുകയോ ചെയ്യുന്ന നിലപാട് മനുഷ്യരെന്ന നിലക്കുളള പദവിയെ തന്നെ റദ്ദ് ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ദീര്‍ഘവീക്ഷണത്തോടു കൂടി മുന്നറിയിപ്പു നല്‍കിയ സാഹചര്യം ഇന്ന് പുലര്‍ന്നിരിക്കുകയാണെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.ആര്‍.സിയാദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച്. അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് ഷമീം, എ സഈദ് സാഹിബിന്റെ കുടുംബാംഗങ്ങളായ മുബാറക്, ഫാത്തിമ അന്‍ഷി, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ജലീല്‍ നീലാമ്പ്ര സംസാരിച്ചു.