ഉദ്ഘാടനത്തിന് പിന്നാലെ ആലപ്പുഴ ബൈപാസില്‍ വീണ്ടും അപകടം; ലോറിയിടിച്ച് ടോള്‍ ബൂത്ത് തകര്‍ന്നു

തടികയറ്റി പോവുന്ന ലോറിയില്‍നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷണം ടോള്‍പ്ലായിലെ കൗണ്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. ടോള്‍ പ്ലാസയിലെ ഒരു കൗണ്ടര്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കൗണ്ടറുകള്‍ക്കും തകരാറില്ല.

Update: 2021-01-29 06:34 GMT

ആലപ്പുഴ: വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസില്‍ വീണ്ടും അപകടം. ടോള്‍ പ്ലാസയിലെ കൗണ്ടര്‍ ലോറിയിടിച്ച് തകര്‍ന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കൗണ്ടര്‍ തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോള്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല.

തടികയറ്റി പോവുന്ന ലോറിയില്‍നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷണം ടോള്‍പ്ലായിലെ കൗണ്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. ടോള്‍ പ്ലാസയിലെ ഒരു കൗണ്ടര്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കൗണ്ടറുകള്‍ക്കും തകരാറില്ല. വ്യാഴാഴ്ചയാണ് ആലപ്പുഴ ബൈപാസ് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. ഇതിന് ഒരുമണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ രണ്ടുകാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു.

ഇരുവശത്തും മണിക്കൂറുകള്‍ കാത്തുകിടന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. അതിനിടെയാണ് ഒരുവശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ദേശീയപാത 66ല്‍ കളര്‍കോട് മുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത (എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലം മാത്രം 3.2 കി.മീ വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിന് മുകളിലൂടെ പോവുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്.

Tags:    

Similar News