വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസ് പിടിയില്‍
ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.
കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ്.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.
കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.