മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി നിര്‍മിക്കും; വാഗ്ദാനം നല്‍കിയവരെ മുഖ്യമന്ത്രി കാണും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കുമെന്ന് ചീഫ്‌സെക്രട്ടറിയുടെ കരട് റിപോര്‍ട്ട്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ചീഫ്‌സെക്രട്ടറി അവതരിപ്പിച്ച കരട് റിപോര്‍ട്ട് പറയുന്നു. രണ്ടു പ്രദേശത്ത് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായിട്ടായിരിക്കും നിര്‍മിക്കുക. ഇതിനായി ഏകദേശം 750 കോടി രൂപ ചെലവുവരുമെന്നാണ് അനുമാനം.
അമ്പതില്‍ അധികം വീടുകള്‍ വാഗ്ദാനം ചെയ്തവരുടെ പട്ടിക പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തുമെന്നും കരട് റിപോര്‍ട്ട് പറയുന്നു. കര്‍ണാടക സര്‍ക്കാര്‍ മുതല്‍ മുസ്‌ലിം ലീഗ് വരെയുള്ള 38 സര്‍ക്കാരുകളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പദ്ധതി രേഖയിലുണ്ടായിരിക്കും. ഇവരെയെല്ലാം മുഖ്യമന്ത്രി നേരില്‍ കാണും. കിഫ്ബി തയാറാക്കിയ ഒറ്റനില വീടുകളുടെ മാതൃക യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍മാണത്തിന്റെ ചുമതലകള്‍ ആര്‍ക്കൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും