വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഏഴു കേസുകളില്‍ പ്രതിയായി നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചിറ്റാറ്റുകര പട്ടണം കരയില്‍ പ്ലാച്ചോട്ടില്‍ വീട്ടില്‍ റിന്‍ഷാദ് (27) നെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്

Update: 2021-01-29 10:12 GMT

കൊച്ചി: വധശ്രമക്കേസിലെ പ്രതിയെ കാപ്പചുമത്തി ജയിലിലടച്ചു.വടക്കേക്കര പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴു കേസുകളില്‍ പ്രതിയായി നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചിറ്റാറ്റുകര പട്ടണം കരയില്‍ പ്ലാച്ചോട്ടില്‍ വീട്ടില്‍ റിന്‍ഷാദ് (27) നെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹകണത്തെ തടസ്സം ചെയ്യല്‍, ന്യായവിരോധമായി സംഘം ചേരല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു. 2019 മെയ് മുതല്‍ കാപ്പ നിയമ പ്രകാരം ആറു മാസത്തേക്ക ഇയാളെ നാട് കടത്തിയിരുന്നു. ശിക്ഷകാലാവധി കഴിഞ്ഞ് 2020 ജൂലായ് മാസം മുഹമ്മദ് അത്തീഖ് എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാളെ കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പടെ 23 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും 25 പേരെ നാട് കടത്തുകയും ചെയ്തതായി എറണാകുളം റൂറല്‍ എസ് പി അറിയിച്ചു. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ ശക്തമായിതുടരുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News