ആര്‍എസ്എസ് പരാതിയില്‍ മാത്രം നടപടി; പോലിസിന്‍റെ ഇരട്ട നീതി അംഗീകരിക്കാനാവില്ല: പിഡിപി

കുറ്റകൃത്യങ്ങളെ മതത്തിൻ്റ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതും ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതും സാമൂഹികവും, മതപരവുമായ ചേരിതിരിവുകൾക്ക് ഇടവരുത്തും

Update: 2022-01-07 11:32 GMT

കോഴിക്കോട്‌: സംഘപരിവാറിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവരെ തിരഞ്ഞ് പിടിച്ച് കേസെടുക്കുകയും കുറ്റവിചാരണ നടത്തുകയും ചെയ്യുന്ന പോലിസ് നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി.

നാളുകളായി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും കേരളത്തിന്റെ തെരുവുകളില്‍ വിദ്വേഷ പ്രചാരണം നടത്തുകയും കൊലവിളി മുഴക്കുകയും സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി വ്യാജ ഐഡികള്‍ സൃഷ്ടിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുന്നതായി കാണുന്നില്ല. നിയമപാലക സംവിധാനത്തില്‍ നിന്ന് ഇരട്ട നീതി ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പോലിസ് നിഷ്ക്രിയത്വം തുടരുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രേരണയാകും. മുഖ്യമന്ത്രിക്കെതിരേ പോലും സംഘപരിവാര്‍ ഉയര്‍ത്തുന്ന കൊലവിളികള്‍ ഗൗരവമായി കാണാന്‍ പോലിസിന് കഴിയാതെ പോകുന്നത് പ്രതിഷേധാര്‍ഹമാണ്. നീതിനിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനും സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരേ മൗനം പാലിക്കാനും കേരളത്തിന്റെ മതേതര മനസ്സുകള്‍ക്ക് കഴിയില്ല.

സാമൂഹിക മാധ്യമ പോസ്റ്റുകളുടെയും, പോസ്റ്റുകൾ ഷെയർ ചെയ്തതിൻ്റെയും പേരിൽ ഒരു വിഭാഗത്തെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുന്ന നടപടി പ്രതിഷേധാർഹമാണ്. കുറ്റകൃത്യങ്ങളെ മതത്തിൻ്റ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതും ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതും സാമൂഹികവും, മതപരവുമായ ചേരിതിരിവുകൾക്ക് ഇടവരുത്തും എന്നതിനാൽ നിയമം എല്ലാവർക്കും ബാധകമാകുന്ന തരത്തിൽ പക്ഷപാതമില്ലാതെ നടപ്പിലാക്കുവാൻ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു.

Similar News