നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു
ഷംന പോലിസില്‍ പരാതി നല്‍കിയതിനാല്‍ പദ്ധതി നടപ്പാക്കാനായില്ലെന്നും ഐജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ആദ്യം ഒരു ലക്ഷം രൂപ പ്രതികള്‍ ഷംനയോട് ചോദിച്ചു.പിന്നെ 50,000 രൂപ ചോദിച്ചു.ഷംന കൊടുത്തില്ല.ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെതാണ് ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി.ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവരാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്
കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ. ഷംന പോലിസില്‍ പരാതി നല്‍കിയതിനാല്‍ പദ്ധതി നടപ്പാക്കാനായില്ലെന്നും ഐജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ആദ്യം ഒരു ലക്ഷം രൂപ പ്രതികള്‍ ഷംനയോട് ചോദിച്ചു.പിന്നെ 50,000 രൂപ ചോദിച്ചു.ഷംന കൊടുത്തില്ല.ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെതാണ് ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി.ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവരാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.
കേസില്‍ പ്രാഥമികമായ അന്വേഷണം പൂര്‍ത്തിയായി. കേസിലെ എല്ലാ പ്രതികളെയും കണ്ടെത്തി. 12 പ്രതികളുള്ള കേസില്‍ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാള്‍ക്ക് കൊവിഡ് ബാധയുണ്ട്. സിനിമ മേഖലയിലെ അറിയപ്പെടുന്ന പല താരങ്ങളെയും കെണിയില്‍പ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. സിനിമാ നിര്‍മാതാക്കളെന്ന പേരിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ സംഘം സമീപിക്കുന്നത്. ഇതു പോലെ മറ്റു രണ്ട് പേരില്‍ നിന്നും താരങ്ങളുടെ നമ്പര്‍ വാങ്ങി. നിര്‍മാതാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ പ്രതികള്‍ക്ക് നമ്പര്‍ നല്‍കിയത്.വിവാഹ ആലോചനയ്ക്ക് എന്ന പേരിലാണ് പ്രതികള്‍ ഷംനയെ സമീപിച്ചത്. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ഭീഷണി മുഴക്കിയത്. സ്വര്‍ണ്ണ കടത്തുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
ഷംന കാസിമിനെ ചതിക്കാനായി ആദ്യം സ്വര്‍ണ്ണ ബിസിനസിന്റെ കാര്യം പറഞ്ഞ് പ്രതികള്‍ സമീപിച്ചിരുന്നു. നിയമപരമായുള്ള സ്വര്‍ണ്ണ ബിസിനസാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതായതോടെ വിവാഹാലോചനയുമായെത്തി. നിരവധി സിനിമാ താരങ്ങളുടെ നമ്പര്‍ വാങ്ങി സ്വര്‍ണ്ണ ബിസിനസിന് താല്‍പര്യമുണ്ടോയെന്ന് ഇവര്‍ തിരക്കി. ആരും താല്‍പര്യമറിയിച്ചില്ല.ഷംനയുടേത് ഉള്‍പ്പെടെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടല്‍ മുറികളില്‍ അടച്ചിട്ട് ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴ് കേസ്.
ഇരുപതിലധികം യുവതികള്‍ സംഘത്തിനെതിരെ പരാതി നല്‍കി. ഷംനയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയതായും വിജയ് സാഖറെ പറഞ്ഞു. അതേ സമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ഇതുവരെ ലഭ്യമായ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പോലിസിന് കത്തു നല്‍കി. പരാതിക്കാരും സാക്ഷികളും സ്വര്‍ണം, കറന്‍സി കടത്തിനെപ്പറ്റി സൂചന നല്‍കിയതിനെത്തുടര്‍ന്നാണിത്.