നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണക്കോടതി ജൂണ്‍ 14ന് പരിഗണിക്കാന്‍ മാറ്റി

ഹരജിയില്‍ ഇന്ന് വാദം കേട്ട കോടതി തുടര്‍ വാദത്തിനായാണ് കേസ് മാറ്റിയത്

Update: 2022-06-07 16:30 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണക്കോടതി ജൂണ്‍ 14ന് പരിഗണിക്കാന്‍ മാറ്റി. ഹരജിയില്‍ ഇന്ന് വാദം കേട്ട കോടതി തുടര്‍ വാദത്തിനായാണ് കേസ് മാറ്റിയത്. അതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വോയ്‌സ് ക്ലിപ്പ് ഹാജരാക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2014 മുതല്‍ ബാലചന്ദ്രകുമാറിനെ സിനിമാ സംവിധായകനെന്ന നിലയില്‍ ദിലീപിന് അറിയാവുന്നയാളാണ്. ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് 2021 ഏപ്രില്‍ മുതല്‍ ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ ദിലീപ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പെന്‍ ഡ്രൈവില്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ വോയ്‌സ് ക്ലിപ്പുകള്‍ കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.

വോയ്‌സ് ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഏത് ഉപകരണമാണ് ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചു. വോയ്‌സ് ക്ലിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ലാത്ത സാംസംങ് ടാബ്ലെറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍ കുമാര്‍ പറഞ്ഞു.

Tags:    

Similar News