നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റിയതിനെതിരായ അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

Update: 2022-08-29 00:58 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഹരജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയതിനെ തുടര്‍ന്നാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്.

എന്നാല്‍, ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും പ്രതി ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്നുമാണ് വാദം. നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹരജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുന്നത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്‍മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

Tags:    

Similar News