ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്:വാദം പൂര്‍ത്തിയായി;ഹരജി വിധി പറയാന്‍ മാറ്റി
നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും പ്രോസിക്യുഷന്റെയും വാദം ഇന്നത്തോടെ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു ദിവസമായാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പ്രസ്താവിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും പ്രോസിക്യുഷന്റെയും വാദം ഇന്നത്തോടെ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു ദിവസമായാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പ്രസ്താവിക്കുമെന്നു കോടതി വ്യക്തമാക്കി.
കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൂടെയെന്നു കോടതി വാദത്തിനിടയില്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കേസിലെ പ്രതിക്ക് അവകാശമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഭീഷണിയുണ്ടെന്ന പ്രതികളുടെ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേ സമയം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്ന ഹരജിക്കാര്‍ വാദിച്ചു. നിലനില്‍ക്കാത്ത വകുപ്പുകളുണ്ടെങ്കില്‍ കുറ്റപത്രം നല്‍കുമ്പോള്‍ ഒഴിവാക്കുമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തനിക്കെതിരെയുള്ള കേസ് വൈരാഗ്യ ബുദ്ധിയോടെയുള്ളതും ദുരുദ്ദേശപരവും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ദിലീപ് വാദിച്ചു. അതേ സമയം ഒരു കുറ്റം ചെയ്യാനുള്ള സംഘം ചേര്‍ന്നുള്ള ആലോചന ക്രിമിനല്‍ ഗുഡാലോചന കുറ്റമായി കണക്കാക്കാമെന്നു പ്രോസിക്യുഷന്‍ വ്യക്തമാക്കി.
സംശയത്തിനു മതിയായ കാരണങ്ങളും തെളിവുകളും പ്രതികള്‍ക്കെതിരെയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.ആരോപണങ്ങള്‍ക്ക് അടിസ്ഥാന പരമായി നിലനില്‍ക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകളുണ്ടെന്നു പ്രോസിക്യുഷന്‍ വ്യക്തമാക്കി. കേസില്‍ വെറുതെയുള്ള ആരോപണമല്ല നിലനില്‍ക്കുന്നതെന്നും കേസിനാസ്പദമായ സംഭവത്തിനു സാക്ഷിയും സാക്ഷിമൊഴികളുമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.