നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു
വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായെന്നും, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായില്ല എന്നു ഹരജിക്കാരി ആരോപിച്ചു.ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നു മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ വിചാരണ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നതുവരെ വിചാരണ മാറ്റിവെക്കണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി തള്ളി.
ഈ ഹരജി തള്ളിയതിനു ശേഷമാണ് കേസിലെ ഇരയായ നടി ഇതേ ആവശ്യമുന്നിയിച്ചു ഹൈക്കോടതിയെ സമീപിച്ചത്. വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായെന്നും, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായില്ല എന്നു ഹരജിക്കാരി ആരോപിച്ചു.ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നേരത്തെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണ മാറ്റിവെക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യുഷന്‍ സമര്‍പ്പിച്ച ഹരജി വിചാരണ കോടതി തള്ളിയത്.