നടിയെ ആക്രമിച്ചകേസ്:വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ ഹരജി; തിങ്കളാഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

പ്രോസിക്യൂഷനും ഇരയക്കു വേണ്ടി ഹാജരായ അഭിഭാഷകനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തി.എല്ലാ വിവരങ്ങളും മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

Update: 2020-10-30 07:27 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇര സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി.കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്നു മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നതുവരെ വിചാരണ മാറ്റിവെക്കണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ ഹരജി തള്ളിയതിനു ശേഷമാണ് കേസിലെ ഇര ഇതേ ആവശ്യമുന്നിയിച്ചു ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹരജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായെന്നും, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായില്ലെന്നും ഹരജിക്കാരി ആരോപിച്ചു.പ്രോസിക്യൂഷനും ഇരയക്കു വേണ്ടി ഹാജരായ അഭിഭാഷകനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തി.എല്ലാ വിവരങ്ങളും മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് വിവരങ്ങള്‍ പരിശോധിച്ച ശേഷം കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

Tags:    

Similar News