ദത്ത് വിവാദം: ആന്ധ്ര ദമ്പതികള്‍ കുഞ്ഞിനെ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

Update: 2021-11-20 18:46 GMT

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ദത്തെടുത്ത കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ കൈമാറി. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. ആന്ധ്രയില്‍ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫിസില്‍ വച്ചാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്ച രാവിലെയാണ് മൂന്ന് പോലിസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമസമിതി പ്രതിനിധിയുമടക്കമുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടത്.

വൈകുന്നേരത്തോടെയാണ് ഇവര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കും. രണ്ടുദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ ഫലം വരും.

ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. അഞ്ചുദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പോലിസും കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

അതിനിടെ, ദത്ത് വിവാദത്തില്‍ ചൊവ്വാഴ്ച അനുപമയും അജിത്തും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകള്‍ ഇരുവരും ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. സിഡബ്ല്യുസിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുണ്ടെന്ന് മൊഴി നല്‍കിയശേഷം അനുപമ ആരോപിച്ചു.

Tags:    

Similar News