ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം ലാലു ഭക്ഷണത്തിന്റെ രുചി അറിഞ്ഞു
ശ്വാസനാളത്തിലെ കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി അന്നനാളം പൂര്‍ണ്ണമായും അടഞ്ഞതുമൂലം ഒരു വര്‍ഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നല്‍കിയാണ് കോട്ടയം കൊഴുവനാല്‍ പുളിയമാനായില്‍ ലാലുവിന്റെ (50) ജീവന്‍ നിലനിര്‍ത്തിയിരുന്നത്
കൊച്ചി: ഒടുവില്‍ ലാലുവിന്റെ ആഗ്രഹം സാധിച്ചു. ഒരു വര്‍ഷത്തിനു ശേഷം ഭക്ഷണത്തിന്റെ രുചി ലാലു അറിഞ്ഞു.ശ്വാസനാളത്തിലെ കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി അന്നനാളം പൂര്‍ണ്ണമായും അടഞ്ഞതുമൂലം ഒരു വര്‍ഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നല്‍കിയാണ് കോട്ടയം കൊഴുവനാല്‍ പുളിയമാനായില്‍ ലാലുവിന്റെ (50) ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയെങ്കിലും നിരാശയായിരുന്നു ഫലം. പരിചയത്തിലുള്ള ഒരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരു മാസം മുമ്പാണ് ലാലു എറണാകുളം ലിസി ആശുപത്രിയിലെത്തിയത്.
വിശദമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ ലാലുവിനെയും കുടുംബത്തേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷം ''പോയട്രെ'' (POETRE - PERORAL ENDOSCOPIC TUNNELLING FOR RESTORATION OF ESOPHAGUS) എന്ന അതിസങ്കീര്‍ണ്ണമായ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ലിസി ആശുപത്രിയിലെ ഗാസ്‌ട്രോഎന്ററേളോജി വിഭാഗം തലവന്‍ ഡോ. മാത്യു ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ ഡോ. പ്രകാശ് സക്കറിയാസ് ആണ് മൂന്ന് മണിക്കൂര്‍ നീണ്ട ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകത്ത് തന്നെ അപൂര്‍വ്വം ആശുപത്രികളിലാണ് ഇത്തരത്തിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതെന്ന് ലിസി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ രണ്ടാമത്തെയും ദക്ഷിണേന്ത്യയില്‍ ആദ്യത്തേതുമാണ്.അടഞ്ഞുപോയ അന്നനാളത്തിന് കുറുകെ ഇരുവശത്തു കൂടിയും ദ്വാരം സൃഷ്ടിച്ച് അതിലൂടെ സ്വയം വികസിക്കുന്ന പ്രത്യേകതരം സ്‌റ്റെന്റ് ഘടിപ്പിച്ചാണ് അന്നനാളപാത പുന:സ്ഥാപിച്ചത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനായി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ശസ്ത്രക്രിയക്ക് ശേഷം സ്‌റ്റെന്റ് നീക്കം ചെയ്യുന്നതിനും തുടര്‍ പരിശോധനകള്‍ക്കുമായി ഭാര്യയുമൊന്നിച്ച് ലിസി ആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോള്‍ ക്രിസ്മസ് കേക്ക് മുറിച്ച് കഴിച്ചാണ് ലാലു ഭക്ഷണത്തിന്റെ രുചി വീണ്ടും അറിഞ്ഞത്.
മധുരം പങ്കിട്ടും സമ്മാനങ്ങള്‍ നല്‍കിയുമാണ് ലാലുവിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ: ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ്ജ് തേലേക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞാണ് ലാലു ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ഡോ. ഷിബി മാത്യു, ഡോ. ജോണ്‍ മാത്യൂസ്, ഡോ. കെ രാജീവ്, ഡോ. സി വി വിനീത്, ഡോ. ഹാസിം അഹമ്മദ്, ഡോ. ബിലാല്‍ മുഹമ്മദ്. ഡോ. കിരണ്‍ ജോസി, സിസ്റ്റര്‍ സിബിയ ആന്റോ, ജോമോന്‍ ജോണ്‍, പി. സി. രമണി എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികില്‍സയിലും പങ്കാളികളായി.